28/03/2026
[fontresizer_tawhidurrahmandear_widget]

ആന്ധ്രപ്രദേശിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധി പേർക്ക് പരിക്ക്

 ആന്ധ്രപ്രദേശിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധി പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ മർകപുരം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 13 പേർ വെന്തുമരിച്ചു. ഇന്നലെ പുലർച്ചെ 6:00-നും 6:30-നും ഇടയിൽ റായവാരം ഗ്രാമത്തിന് സമീപമാണ് സംഭവം. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ സ്വകാര്യ ബസും അമിതവേഗതയിലെത്തിയ ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും ഉടനടി തീപിടിക്കുകയായിരുന്നു. തീ അതിവേഗം പടർന്നതിനാൽ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. അപകടസമയത്ത് ബസിൽ 40-ഓളം യാത്രക്കാരുണ്ടായിരുന്നു. മുൻഭാഗത്തിരുന്ന 13-ഓളം പേർ രക്ഷപ്പെട്ടതായാണ് വിവരം. ബസിന്റെ പിൻഭാഗത്ത് ഇരുന്നവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. മരിച്ചവരിൽ ചിലർ കനിഗിരി സ്വദേശികളാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ക്വാറി സ്ട്രിപ്പിന് സമീപമുള്ള വളവിൽ വെച്ചാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. ടിപ്പർ ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പരിക്കേറ്റ 20-ഓളം പേരെ മർകപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.

മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രാദേശിക എംഎൽഎ കണ്ട്ല നാരായണ റെഡ്ഡി അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പോലീസും അഗ്നിശമന സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Also read: