06/03/2026
[fontresizer_tawhidurrahmandear_widget]

കൊടൈക്കനാലിൽ ഇസ്രയേൽ സഞ്ചാരികൾക്ക് സായുധ സുരക്ഷ; 24 മണിക്കൂറും കനത്ത കാവൽ

 കൊടൈക്കനാലിൽ ഇസ്രയേൽ സഞ്ചാരികൾക്ക് സായുധ സുരക്ഷ; 24 മണിക്കൂറും കനത്ത കാവൽ

ചെന്നൈ: ഇറാൻ-ഇസ്രയേൽ യുദ്ധസാഹചര്യത്തെത്തുടർന്ന് കൊടൈക്കനാലിൽ കുടുങ്ങിയ ഇസ്രയേൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് പോലീസ് സായുധ സുരക്ഷ ഏർപ്പെടുത്തി. വട്ടക്കനാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന അമ്പതോളം വിദേശ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് അടിയന്തര നടപടി. തോക്കേന്തിയ സേനാംഗങ്ങളെ വിന്യസിച്ച് 24 മണിക്കൂറും നീണ്ടുനിൽക്കുന്ന കർശന നിരീക്ഷണമാണ് പോലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇസ്രയേലി പൗരന്മാർ താമസിക്കുന്ന ഹോട്ടലുകൾ, ഹോംസ്റ്റേകൾ, അവർ സ്ഥിരമായി എത്തുന്ന റെസ്റ്ററന്റുകൾ, യാത്രാവഴികൾ എന്നിവയെല്ലാം പോലീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത്, വിനോദസഞ്ചാരികൾക്ക് നേരെ അപ്രതീക്ഷിത ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്.

ഇസ്രയേലിൽ നിന്നുള്ള സഞ്ചാരികളുടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടൈക്കനാൽ. എല്ലാ വർഷവും നൂറുകണക്കിന് ഇസ്രയേലി യുവാക്കളാണ് സൈനിക സേവനത്തിന് ശേഷം വിശ്രമത്തിനായി ഇവിടെയെത്തുന്നത്. നിലവിലെ യുദ്ധസാഹചര്യം മാറി, സുരക്ഷിതമായി മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുങ്ങുന്നത് വരെ ഈ കനത്ത സുരക്ഷ തുടരുമെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. വിനോദസഞ്ചാരികളുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ പ്രത്യേക ഇന്റലിജൻസ് വിഭാഗത്തെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.

Also read: