02/04/2026
[fontresizer_tawhidurrahmandear_widget]

‘ആസ്റ്റർ മിംസ് നഴ്‌സുമാർക്കൊപ്പം; മിനിമം വേതനത്തിൽ സർക്കാർ തീരുമാനത്തിന് പൂർണ പിന്തുണ’- ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാന്‍ ഡോ. ആസാദ് മൂപ്പൻ

 ‘ആസ്റ്റർ മിംസ് നഴ്‌സുമാർക്കൊപ്പം; മിനിമം വേതനത്തിൽ സർക്കാർ തീരുമാനത്തിന് പൂർണ പിന്തുണ’- ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാന്‍ ഡോ. ആസാദ് മൂപ്പൻ

കൊച്ചി: കേരളത്തിലെ ആരോഗ്യ പരിരക്ഷാ രംഗത്തെ നട്ടെല്ലായ നഴ്‌സിങ് സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസ്റ്റർ മിംസ്. നഴ്‌സുമാരുടെ വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ അറിയിച്ചത്. മിനിമം വേതന വിഷയത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും പൂർണമായും പിന്തുണയ്ക്കുമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

രോഗീപരിചരണത്തിൽ നഴ്‌സുമാർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഹൃദയപൂർവ്വം അംഗീകരിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. നഴ്‌സിങ് എന്ന മഹത്തായ തൊഴിലിനെ എന്നും ആദരിക്കുന്ന നയമാണ് സ്ഥാപനം സ്വീകരിച്ചു പോരുന്നത്. മുൻകാലങ്ങളിലെല്ലാം സർക്കാർ വിജ്ഞാപനങ്ങൾക്ക് അനുസൃതമായി ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കുന്നതിൽ ആസ്റ്റർ കൃത്യത പുലർത്തിയിട്ടുണ്ട്.

നിലവിൽ നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് പ്രത്യേക ആനുകൂല്യങ്ങളും ആസ്റ്റർ മിംസ് ഉറപ്പാക്കുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾ ഭരണകൂടത്തിന് മുന്നിൽ ഉന്നയിക്കുമ്പോഴും, രോഗീപരിചരണത്തിന് പ്രഥമ പരിഗണന നൽകുന്ന നഴ്‌സുമാരുടെ പ്രൊഫഷണലിസത്തെയും സേവനമനോഭാവത്തെയും മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു.

‘തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും രോഗികളുടെ പരിചരണത്തിന് മുൻഗണന നൽകുന്ന നഴ്‌സിങ് സമൂഹത്തിന്റെ നിലപാട് ഈ തൊഴിലിന്റെ ഉദാത്തമായ മാതൃകയാണ്. നഴ്‌സുമാർക്ക് അർഹമായ അംഗീകാരവും ബഹുമാനവും പിന്തുണയും ലഭ്യമാകുന്ന മികച്ചൊരു തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ ആസ്റ്റർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും,’ എന്ന് മാനേജ്‌മെന്റ് കുറിപ്പിൽ വ്യക്തമാക്കി. നഴ്‌സുമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിലും ആസ്റ്റർ മിംസ് മുൻപന്തിയിലുണ്ടാകുമെന്ന ഉറപ്പും മാനേജ്‌മെന്റ് നൽകുന്നു.

Also read: