ചുറ്റും എൽഇഡി ലൈറ്റുകൾ, നാല് ഹോണുകൾ; ‘ഡിജെ ആംബുലൻസിനെ’ കുരുക്കി എംവിഡി, 11,000 രൂപ പിഴ
പന്തളം: ആംബുലൻസുകളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന രീതിയിൽ നിയമവിരുദ്ധമായി വർണ്ണവിളക്കുകളും ഹോണുകളും ഘടിപ്പിച്ച ആംബുലൻസിനെ പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. വാഹന ഉടമയ്ക്ക് 11,000 രൂപ പിഴ ചുമത്തി.
എം.സി റോഡിൽ കുളനട മാന്തുക ഭാഗത്തുവെച്ചാണ് സംഭവം. വൈകുന്നേരം അഞ്ചുമണിയോടെ റോഡിനെ പ്രകാശപൂരിതമാക്കി തിരുവല്ല ഭാഗത്തേക്ക് പാഞ്ഞുപോയ ആംബുലൻസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ, രാത്രി 7.30-ഓടെ വാഹനം തിരികെ വരുമ്പോൾ മാന്തുകയിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചു.
വാഹനത്തിന് ചുറ്റും മിന്നിത്തിളങ്ങുന്ന എൽ.ഇ.ഡി ലൈറ്റുകൾ, വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന നാല് ഹോണുകൾ തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് ആംബുലൻസിനെ ആകർഷകമാക്കാൻ പിടിപ്പിച്ചിരുന്നത്. പിടികൂടുമ്പോൾ വാഹനത്തിൽ രോഗികളുണ്ടായിരുന്നില്ല. പിഴ അടയ്ക്കുന്നതിനോടൊപ്പം, ഏഴു ദിവസത്തിനകം അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകളെല്ലാം മാറ്റി വാഹനം പൂർവ്വസ്ഥിതിയിലാക്കി ഹാജരാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. മറ്റ് വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം അഭ്യാസങ്ങൾക്കെതിരെ നടപടി തുടരുമെന്നും എം.വി.ഡി വ്യക്തമാക്കി.