‘അന്ന് സച്ചിനെ പുറത്താക്കാൻ ബിസിസിഐ തീരുമാനിച്ചു, ഇതറിഞ്ഞ് താരം ഞെട്ടിപ്പോയി’; വിരമിക്കലിൽ വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് ശേഷം നിർണായക വെളിപ്പെടുത്തലുമായി മുൻ ബിസിസിഐ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. 2013-ൽ വിരമിക്കുന്നതിന് ഒരു വർഷം മുൻപ് തന്നെ സച്ചിനെ ടീമിൽ നിന്ന് മാറ്റാൻ സെലക്ഷൻ കമ്മിറ്റി ആലോചിച്ചിരുന്നതായും ഈ തീരുമാനം സച്ചിനെ ഏറെ ഞെട്ടിച്ചതായും പാട്ടീൽ വെളിപ്പെടുത്തി. വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
സച്ചിന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു 2012. ഒമ്പത് ടെസ്റ്റുകളിൽ നിന്ന് ഒരു സെഞ്ച്വറി പോലും നേടാനാവാതെ 23.80 എന്ന ശരാശരിയിൽ മാത്രമാണ് അദ്ദേഹം റൺസ് കണ്ടെത്തിയത്. ഏകദിനത്തിലെ പ്രകടനവും (ശരാശരി 31.50) പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല. ഇതോടെയാണ് ടീമിൽ ഒരു പകരക്കാരനെ കണ്ടെത്താൻ സെലക്ഷൻ കമ്മിറ്റി നിർബന്ധിതമായത്.
ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ സച്ചിൻ ആദ്യം അമ്പരന്നുപോയെന്ന് പാട്ടീൽ പറയുന്നു. “എന്തുകൊണ്ട്?” എന്ന സച്ചിന്റെ ചോദ്യത്തിന്, ടീം ഒരു പകരക്കാരനെ അന്വേഷിക്കുന്നുണ്ടെന്ന് താൻ മറുപടി നൽകി. ഇത് കേട്ട് ഞെട്ടിപ്പോയ സച്ചിൻ, ഇക്കാര്യം ഗൗരവമായി തന്നെയാണോ പറയുന്നതെന്ന് വീണ്ടും ചോദിച്ചു. ഒരു കളിക്കാരനെ വിരമിക്കാൻ നിർബന്ധിക്കാൻ സെലക്ടർമാർക്ക് അധികാരമില്ലെന്നും, താൻ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സച്ചിൻ അറിയിച്ചപ്പോൾ അത് അംഗീകരിക്കുകയായിരുന്നുവെന്നും പാട്ടീൽ വ്യക്തമാക്കി.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, അശ്വിൻ, ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങിയ പ്രതിഭകളെ ടീമിലെത്തിച്ചത് തന്റെ കാലത്താണെങ്കിലും, സച്ചിനെ മാറ്റാൻ ശ്രമിച്ചതിന്റെ പേരിലാണ് പലരും തന്നെ ഓർക്കുന്നതെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. 2013 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു സച്ചിന്റെ വിടവാങ്ങൽ മത്സരം.