28/03/2026
[fontresizer_tawhidurrahmandear_widget]

സിലിണ്ടറില്ല, ബില്ലുമില്ല;  15 വർഷമായി സ്‌റ്റൗ എരിയുന്നത് പ്രകൃതിയുടെ ‘ഫ്രീ ഗ്യാസ്’ സപ്ലൈ വഴി

 സിലിണ്ടറില്ല, ബില്ലുമില്ല;  15 വർഷമായി സ്‌റ്റൗ എരിയുന്നത് പ്രകൃതിയുടെ ‘ഫ്രീ ഗ്യാസ്’ സപ്ലൈ വഴി

ആലപ്പുഴ: പാചകവാതക വില വർധനവിൽ സാധാരണക്കാർ പൊറുതിമുട്ടുമ്പോൾ, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഒരു നയാപൈസ ചെലവില്ലാതെ അടുപ്പുകൂട്ടുകയാണ് ആലപ്പുഴ നഗരത്തിലെ ഒരു കുടുംബം. ആറാട്ടുവഴി സിഖ് ജംക്‌ഷനു സമീപം ‘കാർത്തിക’യിൽ രമേശൻ-രത്നമ്മ ദമ്പതികളുടെ വീട്ടിലാണ് പ്രകൃതിവാതകത്തിന്റെ ഈ അക്ഷയപാത്രം തെളിഞ്ഞുനിൽക്കുന്നത്. 2011-ൽ വീടുപണിയുടെ ഭാഗമായി കുഴൽക്കിണർ നിർമ്മിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ഭൂമിക്കടിയിൽ നിന്ന് വാതകം പുറത്തേക്കു വന്നത്.

വെള്ളത്തിനായി 20 മീറ്റർ താഴ്ചയിൽ കുഴിച്ച പൈപ്പിലൂടെ ഗ്യാസ് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതരെ വിവരമറിയിച്ചു. ഭൂജല വകുപ്പിലെയും എണ്ണക്കമ്പനികളിലെയും വിദഗ്ധരെത്തി പരിശോധിച്ചപ്പോഴാണ് ഇത് ശുദ്ധമായ പ്രകൃതിവാതകമാണെന്നും പാചകത്തിന് ഉപയോഗിക്കാമെന്നും സ്ഥിരീകരിച്ചത്. ഉടൻ തന്നെ കുഴൽക്കിണറിന് മുകളിൽ പ്രത്യേക സംവിധാനമൊരുക്കി പൈപ്പ് വഴി അടുക്കളയിലേക്ക് കണക്ഷൻ നൽകി. വാതകത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ റെഗുലേറ്ററും ഘടിപ്പിച്ചു.

കടുത്ത മഴക്കാലത്ത് വാതകത്തിന്റെ അളവിൽ നേരിയ കുറവുണ്ടാകാറുണ്ടെങ്കിലും മറ്റ് സമയങ്ങളിലെല്ലാം തടസ്സമില്ലാതെ ഗ്യാസ് ലഭിക്കുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു. കരുതലായി ഒരു എൽപിജി സിലിണ്ടർ വാങ്ങി വെച്ചിട്ടുണ്ടെങ്കിലും ഒരു വർഷമായി അത് ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. ആലപ്പുഴയുടെ തീരദേശ മേഖലകളിൽ ഭൂഗർഭത്തിൽ പ്രകൃതിവാതക നിക്ഷേപമുണ്ടെന്നും കുഴൽക്കിണർ നിർമ്മാണത്തിനിടെ ഇവ പുറത്തെത്തിയതാകാമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also read: