വടക്കൻ ഇസ്രയേലിൽ ഒരു രാത്രി വർഷിച്ചത് ഇരുനൂറോളം റോക്കറ്റുകൾ: മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ഇസ്രയേൽ സൈന്യം
വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
ജെറുസലേം: വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ശക്തമായ റോക്കറ്റ് ആക്രമണത്തിൽ ജനങ്ങൾക്ക് കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (IDF). ബുധനാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഇരുനൂറോളം റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്.
ആക്രമണം നടക്കുമെന്ന രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടും അതിർത്തിയിലെ താമസക്കാർക്ക് മതിയായ മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞില്ലെന്ന് സൈന്യം വ്യക്തമാക്കി. രഹസ്യവിവരങ്ങൾ ശത്രുക്കൾക്ക് ചോരുമെന്ന ഭയത്താലാണ് കൃത്യമായ വിവരങ്ങൾ നൽകാതിരുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
മുൻപ് പ്രതിദിനം ശരാശരി 100 റോക്കറ്റുകൾ മാത്രം അയച്ചിരുന്ന സ്ഥാനത്താണ് ഒറ്റരാത്രികൊണ്ട് 200 റോക്കറ്റുകൾ ഹിസ്ബുള്ള വർഷിച്ചത്. ഡ്രോൺ ആക്രമണങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുമുൻപ് ഒരു മിസൈൽ ലോഞ്ചർ മാത്രമേ നശിപ്പിക്കാൻ ഇസ്രയേലിന് കഴിഞ്ഞുള്ളൂ. എന്നാൽ ആക്രമണം തുടങ്ങിയ ശേഷം പകുതിയോളം ലോഞ്ചറുകൾ തകർത്തതായി സൈന്യം അവകാശപ്പെട്ടു.
ഹിസ്ബുള്ളയുടെ ആക്രമണം ശക്തമാണെങ്കിലും, തങ്ങളുടെ പ്രധാന ശ്രദ്ധ ഇറാനുമായുള്ള യുദ്ധത്തിലാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. അതിനാൽ ലെബനനിലേക്ക് ഉടനടി ഒരു കരയുദ്ധത്തിന് സൈന്യം തയ്യാറല്ല.
ഹിസ്ബുള്ളയുടെ കേന്ദ്രമായ ബെയ്റൂട്ടിലെ ദാഹിയയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 300-ഓളം ഹിസ്ബുള്ള പോരാളികൾ കൊല്ലപ്പെട്ടതായും സൈന്യം റിപ്പോർട്ട് ചെയ്തു. എങ്കിലും അതിർത്തി ഗ്രാമങ്ങളിൽ വസിക്കുന്ന ഇസ്രയേലികൾ കടുത്ത സുരക്ഷാ ഭീഷണിയിലാണ് തുടരുന്നത്.