യുദ്ധക്കളത്തിൽ പ്രവേശിച്ച് യെമൻ ഹൂത്തികളും; തെക്കൻ ഇസ്രയേലിലേക്ക് മിസൈലാക്രമണം
സന: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യെമൻ ഹൂത്തികളും രംഗത്ത്. വൻ ആയുധശേഖരം ഇറാന്റെ പക്കൽ ബാക്കിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൂതികളുടെ ഈ നീക്കം. ഇസ്രായേലിന്റെ തെക്കൻ മേഖലകളെ ലക്ഷ്യം വെച്ച് അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് യെമനിൽ നിന്ന് തൊടുത്തുവിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനും യുഎസിനും എതിരെ തങ്ങളുടെ പോരാട്ടം ശക്തമാക്കുമെന്നും ഹൂത്തികൾ വ്യക്തമാക്കി.
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നടന്ന ഈ ആക്രമണം മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരത്തെ തന്നെ ഭീഷണി ഉയർത്തിയ ഹൂതികൾ, ഇപ്പോൾ നേരിട്ടുള്ള ആക്രമണങ്ങളിലേക്ക് കടക്കുന്നത് അമേരിക്കൻ സൈന്യത്തിനും വലിയ വെല്ലുവിളിയാണ്.
അമേരിക്കൻ നാവികസേനയുടെ മിസൈൽ ശേഖരം കുറയുന്ന സാഹചര്യത്തിൽ, ഒരേസമയം ഇറാനിൽ നിന്നും യെമനിൽ നിന്നും ഉണ്ടാകുന്ന ഈ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ ഇസ്രായേൽ പ്രതിസന്ധിയിലാണ്. ഹൂത്തികൾ കൂടി ഇടപെടുന്നതോടെ പശ്ചിമേഷ്യയിലെ യുദ്ധം ഒരു പ്രാദേശിക യുദ്ധമായി മാറിക്കഴിഞ്ഞു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ സഖ്യശക്തികൾ ഒരേസമയം ആക്രമണം ആരംഭിച്ചാൽ അത് ഇസ്രയേലിന്റെയും അമേരിക്കയുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്നുറപ്പാണ്.