07/03/2026
[fontresizer_tawhidurrahmandear_widget]

ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വേഷണം ആരംഭിച്ചു

 ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന്‌ രാവിലെ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എസ്-5 കോച്ചിന് താഴെ തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം അറ്റനിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് റെയിൽവേ പോലീസും ആർ.പി.എഫും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴയിൽ എത്തിയത്. ഇന്ന് രാവിലെ തിരികെ പുറപ്പെടാനിരിക്കെ പരിശോധന നടത്തിയ ജീവനക്കാരാണ് ദൃശ്യം കണ്ടത്. ഉടൻ തന്നെ എസ്-5 കോച്ച് ട്രെയിനിൽ നിന്ന് വേർപെടുത്തി മാറ്റിയിട്ടു. തുടർന്ന് മറ്റ് കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.

ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും ശരീരഭാഗമായിരിക്കാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ധൻബാദ് എക്സ്പ്രസ് കടന്നുവന്ന പാതയിൽ എവിടെയെങ്കിലും ട്രെയിൻ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ആർ.പി.എഫ് കേസെടുത്ത് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: