ആശുപത്രികളും ഡോക്ടർമാരും വ്യാജം, അഭിനയിക്കാൻ 500 രോഗികൾ; ഗുഡ്ഗാവിലെ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ് പുറത്ത്
ചണ്ഡീഗഡ്: വ്യാജ ആശുപത്രികളും ഡോക്ടർമാരെയും ഉപയോഗിച്ച് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന വൻ റാക്കറ്റിനെ ഗുഡ്ഗാവ് പോലീസ് പിടികൂടി. മുഖ്യമന്ത്രിയുടെ ഫ്ലൈയിംഗ് സ്ക്വാഡ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡിനെത്തുടർന്നാണ് രാജ്യത്തെ നടുക്കിയ ഈ തട്ടിപ്പ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂ നിഹാൽ കോളനിയിലെ ‘ഗാലക്സി വൺ’ ആശുപത്രി ഉടമ എ.എസ് യാദവ്, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ, മൂന്ന് ജീവനക്കാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കടലാസിൽ മാത്രം നിലനിൽക്കുന്ന അഞ്ച് വ്യാജ ആശുപത്രികളാണ് തട്ടിപ്പിനായി ഇവർ സ്ഥാപിച്ചിരുന്നത്. യഥാർത്ഥ ആധാർ വിവരങ്ങൾ നൽകി രോഗികളായി അഭിനയിക്കാൻ തയ്യാറുള്ള അഞ്ഞൂറിലധികം പേരെയാണ് സംഘം ഉപയോഗിച്ചിരുന്നത്. ഇവർക്ക് യാതൊരു രോഗവുമില്ലെങ്കിലും ആശുപത്രിയിൽ അഡ്മിറ്റാണെന്ന് വരുത്തിത്തീർത്ത് വ്യാജ ലാബ് റിപ്പോർട്ടുകളും ചികിത്സാ ബില്ലുകളും നിർമ്മിക്കും. ഇൻഷുറൻസ് ക്ലെയിം തുക രോഗിയുടെ അക്കൗണ്ടിലെത്തിയാൽ വലിയൊരു ശതമാനം തുക കമ്മിഷനായി റാക്കറ്റ് കൈക്കലാക്കുകയായിരുന്നു രീതി.
ഇൻഷുറൻസ് കമ്പനികൾ നിയോഗിക്കുന്ന സ്വകാര്യ അന്വേഷകർ (Private Investigators) ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാരാണെന്ന് പോലീസ് കണ്ടെത്തി. ബില്ലുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട ഇവർ, ആശുപത്രി ഉടമകളുമായി ചേർന്ന് വ്യാജ രേഖകൾ ശരി വെക്കുകയായിരുന്നു. ആശുപത്രി ഉടമയായ യാദവ് ഉപയോഗിച്ചിരുന്ന എം.ഡി ബിരുദം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിൽ 60 ഓളം വ്യാജ ക്ലെയിം ഫയലുകൾ പിടിച്ചെടുത്തു. ഇതുവരെ ഒരു കോടി രൂപയുടെ തട്ടിപ്പ് തെളിയിക്കപ്പെട്ടെങ്കിലും ഇതിന് പിന്നിൽ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന് എ.സി.പി അഭിലക്ഷ് ജോഷി പറഞ്ഞു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 107-ാം വകുപ്പ് പ്രകാരം പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. പണം കൈമാറിയ അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം (SIT) തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.