06/03/2026
[fontresizer_tawhidurrahmandear_widget]

വിമാനപാത മാറ്റി; പാലക്കാട്ടുകാരായ മൂന്നംഗ കുടുംബം കറാച്ചിയിൽ കുടുങ്ങി

 വിമാനപാത മാറ്റി; പാലക്കാട്ടുകാരായ മൂന്നംഗ കുടുംബം കറാച്ചിയിൽ കുടുങ്ങി

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിമാനപാത മാറ്റിയതോടെ മലയാളി കുടുംബം ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിലുള്ള മലയാളികളെന്ന് നോർക്ക സ്ഥിരീകരിച്ചു.

അസർബയ്ജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരാണിവർ. വ്യോമപാതയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെത്തുടർന്ന് വിമാനം അടിയന്തരമായി കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ഇവരെ കൊളംബോ വഴി സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണ്.

കറാച്ചിയിൽ കുടുങ്ങിയവർക്ക് ലോക കേരളസഭാംഗങ്ങളുടെ നേതൃത്വത്തിൽ അടിയന്തരമായി മരുന്നുകൾ എത്തിച്ചു നൽകി. യാത്രാമധ്യേ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടമായവർക്ക് ഡ്യൂപ്ലിക്കേറ്റ് രേഖകൾ തയ്യാറാക്കാനുള്ള സഹായങ്ങളും നൽകുന്നുണ്ട്. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈനിൽ സർക്കാർ ഷെൽട്ടറുകൾ ആരംഭിച്ച വിവരം നോർക്ക പ്രവാസികളെ അറിയിച്ചു.

സഹായം തേടി 541 പേർ
സംഘർഷ പശ്ചാത്തലത്തിൽ പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ നോർക്ക ആരംഭിച്ച ഹെൽപ് ഡെസ്‌കിലേക്ക് ഇതുവരെ 541 കോളുകളാണ് എത്തിയത്. നോർക്ക സെക്രട്ടറി ടി.വി അനുപമ, സിഇഒ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്.

Also read: