കൈക്കൂലി കേസില്‍ ജാമ്യത്തിലിറങ്ങിയ എംവിഡി ഇന്‍സ്‌പെക്ടര്‍ക്ക് ഹാരാർപ്പണവും സ്വീകരണവും
കോട്ടയം: കൈക്കൂലി ക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി ബിജു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ ജയിൽ കവാടത്തിൽ ലഭിച്ച സ്വീകരണം വിവാദമാകുന്നു. കോട്ടയം ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജുവിനെ ആലപ്പുഴയിലെ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നാണ് ഹാരമണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചത്. തണ്ണീർമുക്കം സ്വദേശിയിൽ നിന്ന് 2,600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തലയിലെ വീട്ടിൽ വെച്ചാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. ഉദ്യോഗസ്ഥനെ കുടുക്കിയതാണെന്നാരോപിച്ച് അറസ്റ്റ് നടന്ന ദിവസം തന്നെ ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ആറ് വർഷമായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്ന ബിജുവിനെതിരെ ഗൗരവകരമായ മറ്റ് ആരോപണങ്ങളും നിലവിലുണ്ട്. കൊല്ലം കോടതിയിൽ അനധികൃത സ്വത്ത് സമ്പാദന കേസും വാളയാറിൽ ജോലി ചെയ്യുന്നതിനിടെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയെത്തുടർന്ന് രണ്ട് ഇൻക്രിമെന്റുകൾ തടഞ്ഞ നടപടിയും ഇയാൾക്കെതിരെയുണ്ട്. ഡ്രൈവിങ് ടെസ്റ്റുകൾക്കായി നിശ്ചിത തുക കൈക്കൂലി വാങ്ങിയിരുന്നതായും ഇതിനായി ‘സി.ഡി’ എന്ന കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി തവണ ഇയാൾക്കെതിരെ മിന്നൽ പരിശോധനകൾ നടന്നിട്ടുള്ള സാഹചര്യത്തിലാണ്, കുറ്റാരോപിതനായ ഉദ്യോഗസ്ഥന് പരസ്യമായ സ്വീകരണം നൽകിയിരിക്കുന്നത്.