28/03/2026
[fontresizer_tawhidurrahmandear_widget]

മാഹീൻ എവിടെ? ആമസോൺ വനത്തിൽ മലയാളി വ്ളോഗറെ കാണാതായി? ആശങ്കയായി ‘ഹിച്ച്ഹൈക്കിങ് നൊമാഡി’ന്റെ അവസാന കുറിപ്പ്

 മാഹീൻ എവിടെ? ആമസോൺ വനത്തിൽ മലയാളി വ്ളോഗറെ കാണാതായി? ആശങ്കയായി ‘ഹിച്ച്ഹൈക്കിങ് നൊമാഡി’ന്റെ അവസാന കുറിപ്പ്

‘ഹിച്ച്ഹൈക്കിങ് നൊമാഡ്’ എന്ന എസ്. മാഹീന്‍

ലിമ: ആമസോൺ വനത്തിലേക്ക് യാത്ര തിരിച്ച സാഹസികയാത്രികനും മലയാളി വ്‌ളോഗറുമായ എസ്. മാഹീനെ (ഹിച്ച്ഹൈക്കിങ് നൊമാഡ്) കാണാതായതായി റിപ്പോർട്ട്. ആമസോൺ കാടുകൾക്കുള്ളിലുള്ള നാപ്പോ നദിയിലൂടെ സ്വന്തമായി നിർമിച്ച ചങ്ങാടത്തിൽ യാത്ര തിരിച്ച 24-കാരനെ കുറിച്ച് കഴിഞ്ഞ നാല് ദിവസമായി യാതൊരു വിവരവും ലഭ്യമല്ലെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനിടെ പുറത്തുവന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റും കൂടുതൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

താലിബാൻ ഭരണത്തിന് കീഴിലെ അഫ്ഗാനിസ്ഥാനും ആഭ്യന്തര യുദ്ധം കത്തിയെരിയുന്ന സുഡാനുമെല്ലാം സന്ദർശിച്ച മാഹീൻ ഏതാനും ആഴ്ചകൾക്കുമുൻപാണ് ലോകത്തെ ഏറ്റവും ദുരൂഹമായ ആമസോൺ മഴക്കാടുകളിൽ എത്തിയത്. ഏകദേശം മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച വീഡിയോയിൽ, 6,000 രൂപ ചെലവിൽ നിർമിച്ച തടി ചങ്ങാടത്തിലേറി അദ്ദേഹം ഉൾവനങ്ങളിലേക്ക് യാത്ര തിരിക്കുന്നത് കാണാമായിരുന്നു. പെറുവിലെ നാപ്പോ നദിയിലൂടെ ഇക്കിത്തോസ് എന്ന ലക്ഷ്യസ്ഥാനത്തേക്ക് ഏകദേശം 350 കിലോമീറ്ററോളം ചങ്ങാടത്തിൽ സഞ്ചരിക്കാനായിരുന്നു മാഹീന്റെ പദ്ധതി. 15 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ യാത്രയുടെ ആദ്യ ഘട്ടത്തിലാണ് ഇപ്പോൾ ദുരൂഹമായ നിശബ്ദത വീണിരിക്കുന്നത്.

ഏറ്റവും ഒടുവിലായി മാഹീന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ആരാധകരെ ഭീതിയിലാഴ്ത്തുന്നത്. ‘മാഹീൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഫ്ലൈനിലാണ്. അദ്ദേഹത്തിൽനിന്ന് അപ്‌ഡേറ്റുകളൊന്നുമില്ല. അദ്ദേഹം സുരക്ഷിതനായിരിക്കാം… അല്ലെങ്കിൽ അപകടകരമായ ആമസോണിൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കാം…’ എന്ന് തുടങ്ങുന്ന പോസ്റ്റ് മാഹീൻ തന്നെ മുൻകൂട്ടി തയ്യാറാക്കി വെച്ച ‘ഷെഡ്യൂൾഡ് പോസ്റ്റാ’ണ്. യാത്രയുടെ രണ്ടാം ദിവസം അപകടസാധ്യത മുന്നിൽക്കണ്ട് അദ്ദേഹം തയ്യാറാക്കിയ കുറിപ്പാണിതെന്നാണ് വിവരം.

മാർച്ച് 12-ന് അപ്ലോഡ് ചെയ്ത മാഹീന്റെ അവസാന വീഡിയോയിൽ യാത്രയിലെ ദുർഘടമായ സാഹചര്യങ്ങൾ വ്യക്തമാണ്. ‘എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം’ എന്ന് മാഹീൻ തന്നെ വീഡിയോയിൽ പറയുന്നുണ്ട്. നദിയിലെ ശക്തമായ ഒഴുക്കും, വലിയ കപ്പലുകൾ പോകുമ്പോഴുണ്ടാകുന്ന രാക്ഷസത്തിരമാലകളും ചങ്ങാടത്തെ പലപ്പോഴും അപകടത്തിലാക്കുന്നുണ്ട്. കനത്ത മഴയിലും കാറ്റിലും ചങ്ങാടത്തിൽ വെള്ളം കയറുന്നതും, നിയന്ത്രണം നഷ്ടപ്പെട്ട് ചങ്ങാടം വട്ടം കറങ്ങുന്നതും വീഡിയോയിൽ കാണാം.

നദിക്കരയിലെ ഒരു ഗ്രാമത്തിലെത്തിയ മാഹീൻ അവിടുത്തെ ഒരു വേട്ടക്കാരനൊപ്പം രാത്രി 10 മണിക്ക് ആമസോൺ ഉൾവനത്തിലേക്ക് വേട്ടയ്ക്കായി പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ അവസാന ഭാഗത്തുള്ളത്. തോക്കും കത്തിയുമായി പോയ വേട്ടക്കാരനൊപ്പം തനിച്ചാണ് മാഹീൻ വനത്തിലേക്ക് പ്രവേശിച്ചത്. എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്റെ സാധനങ്ങളെല്ലാം കുട്ടികൾക്ക് കൊടുത്തേക്കൂ എന്ന് മാഹീൻ തമാശയായാണെങ്കിലും വീഡിയോയിൽ പറയുന്നുണ്ട്. രാത്രി മൂന്ന് മണിക്കൂറോളം കൊടുംകാട്ടിലൂടെ നടത്തിയ ആ യാത്രയ്ക്ക് ശേഷം മാഹീൻ ഗ്രാമത്തിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് നദിയിലൂടെയുള്ള യാത്ര തുടരുകയായിരുന്നു.

ഇതാദ്യമായല്ല മാഹീൻ ഇത്തരത്തിള്ള വമ്പൻ പ്രതികൂല സാഹചര്യങ്ങളിൽ അകപ്പെടുന്നതെന്നതാണ് ആശ്വാസം പകരുന്ന കാര്യം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവൻ തിരിച്ചുവന്നിട്ടുണ്ട്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ വെടിയുണ്ടകളെയും ടാങ്കുകളെയും സാക്ഷിയാക്കി മാഹീൻ നടത്തിയ റിപ്പോർട്ടിങ്ങുകൾ സിഎൻഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഏറ്റെടുത്തതാണ്. എത്യോപ്യയിലെയും സുഡാനിലെയും ഗോത്രവർഗ മേഖലകളിലൂടെയും അതിർത്തികളിലൂടെയും ഭയമില്ലാതെ നടന്നുകയറിയ മാഹീൻ, പ്രതിസന്ധികളെ അതിജീവിക്കാനുള്ള തന്റെ കഴിവ് പലവട്ടം തെളിയിച്ചതാണ്. എന്നാൽ ആമസോൺ നദിയിലെ ഒഴുക്കും കാട്ടുമൃഗങ്ങളും വന്യമായ സാഹചര്യങ്ങളും ഇത്തവണത്തെ യാത്രയെ കൂടുതൽ പ്രവചനാതീതമാക്കുന്നു.

ആമസോൺ കാടുകളുടെ ആഴങ്ങളിലേക്ക് പോകുമ്പോൾ ഇന്റർനെറ്റ് റേഞ്ച് ലഭിക്കാത്തതാകാം ഈ നിശബ്ദതയ്ക്ക് കാരണമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. വരും ദിവസങ്ങളിൽ മാഹീൻ സുരക്ഷിതനായി തിരിച്ചുവരുമെന്നും പുതിയ വീഡിയോയുമായി എത്തുമെന്നും സോഷ്യൽ മീഡിയ പ്രത്യാശിക്കുന്നു. എങ്കിലും, ആമസോൺ നദിയിലെ ചങ്ങാട യാത്രയുടെ അപകടസാധ്യത കണക്കിലെടുത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഭൂപടത്തിലെ ചുവന്ന അടയാളങ്ങൾ തേടിപ്പോകുന്ന മാഹീൻ, തന്റെ ചങ്ങാടവുമായി സുരക്ഷിതമായി കരയ്ക്കടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവരും ലക്ഷക്കണക്കിന് വരുന്ന സബ്സ്‌ക്രൈബർമാരും.

Also read: