ദേഹത്ത് വ്യാജബോംബ് കെട്ടി വയോധികന്റെ താണ്ഡവം; കൂലിത്തർക്കത്തെ തുടർന്ന് വീടും കാറും കത്തിച്ചു
മറയൂർ: കൂലിത്തർക്കത്തെത്തുടർന്നുള്ള വിരോധത്തിൽ തൊഴിലുടമയുടെ വീടിനും കാറിനും തീയിട്ട വയോധികൻ പിടിയിൽ. നാച്ചിവയൽ സ്വദേശി മുകളേൽ വീട്ടിൽ ജോണിയെയാണ് (64) മറയൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 6.45-ന് പട്ടംകോളനി പത്തടിപ്പാലത്തെ സജീവിന്റെ വീട്ടിലായിരുന്നു നാടകീയ സംഭവങ്ങൾ.
സജീവും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്താണ് ജോണി അക്രമം നടത്തിയത്. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും വീടിന്റെ മുൻവാതിലും പെട്രോൾ ഒഴിച്ച് കത്തിച്ചു. വീടിന്റെ ഭിത്തിയിൽ കരിഓയിൽ ഒഴിച്ച പ്രതി, അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീയിടുകയും ചെയ്തു. തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ, മുറ്റത്തെ മരത്തിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ജോണിയെയാണ് കണ്ടത്. ഇയാളുടെ ശരീരത്തിൽ സ്ഫോടകവസ്തുക്കളെന്ന് തോന്നിപ്പിക്കും വിധം ബെൽറ്റ് ബോംബ് മാതൃകയിലുള്ള സജ്ജീകരണവും കെട്ടിവെച്ചിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ജോണിയെ അനുനയിപ്പിച്ച് താഴെയിറക്കി കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാൾ ദേഹത്ത് കെട്ടിയത് വ്യാജ ബോംബാണെന്ന് തെളിഞ്ഞു. സജീവിന്റെ കൃഷിയിടത്തിലെ മുൻ മേൽനോട്ടക്കാരനായിരുന്നു ജോണി. നാല് ലക്ഷം രൂപയോളം കൂലി ലഭിക്കാനുണ്ടെന്നാണ് ഇയാളുടെ ആരോപണം. എന്നാൽ പഞ്ചായത്ത് അംഗങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മുഴുവൻ തുകയും നൽകിയെന്ന് സജീവ് പറഞ്ഞു.
വിഷയത്തിൽ ഉപഭോക്തൃ കോടതി ജോണിക്ക് അനുകൂലമായി വിധിച്ചിരുന്നുവെങ്കിലും ഇതിനെതിരെ സജീവ് മേൽക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.