മന്ത്രിമാർക്ക് ഇരട്ട ആനുകൂല്യം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ (എജി) കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. ചട്ടവിരുദ്ധമായി കൈപ്പറ്റിയ തുക അടിയന്തരമായി തിരിച്ചുപിടിക്കണമെന്ന് എജി ആവശ്യപ്പെട്ടു.
മന്ത്രിസ്ഥാനത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ തന്നെ മുൻപ് എംപിമാരായിരുന്ന കാലയളവിലെ പെൻഷനും ഇരുവരും വാങ്ങിയതാണ് വിവാദമായിരിക്കുന്നത്. സർക്കാർ സർവീസിൽ നിന്നോ പൊതുപദവികളിൽ നിന്നോ ഇത്തരത്തിൽ ഒരേസമയം ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത് നിലവിലെ നിയമങ്ങൾ പ്രകാരം അനുവദനീയമല്ല.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അധികമായി കൈപ്പറ്റിയ തുക തിരികെ പിടിക്കാൻ ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. സർക്കാരിന്റെ സാമ്പത്തിക ചട്ടങ്ങളുടെ ലംഘനമാണിതെന്ന് എജി കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ഗവൺമെന്റ് സ്വീകരിക്കുന്ന തുടർനടപടികൾ വരുംദിവസങ്ങളിൽ നിർണായകമാകും.