ഇസ്ഫഹാനിൽ അമ്മമാർക്ക് സ്വന്തം ശരീരം പടിയായി ഒരുക്കി മെട്രോ ജീവനക്കാരൻ
വ്യോമാക്രമണത്തിനിടയിൽ മെട്രോപാളത്തിലേക്ക് കൈകുഞ്ഞുങ്ങളെയും കൊണ്ട് ഓഠിക്കയറിയവരെയാണ് യുവാവ് സഹായിച്ചത്
തെഹ്റാൻ : കഴിഞ്ഞ ദിവസം ഇസ്ഫഹാനിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് വൈദ്യുതി നിലച്ച മെട്രോ സ്റ്റേഷനിൽ കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകൾക്ക് പ്ലാറ്റ്ഫോമിലേക്ക് കയറാൻ സ്വന്തം ശരീരം പടിയായി ഒരുക്കിയ ജീവനക്കാരനെ പ്രശംസിച്ച് സോഷ്യൽ മീഡിയ. മാർച്ച് 9,10 തീയതികളിൽ ഇസ്ഫഹാനിൽ ഇസ്രായിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നതായി ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവിച്ചിരുന്നു. ഈ ആക്രമണത്തിൽ നഗരത്തിലെ വൈദ്യുതി വിതരണത്തെ സാരമായി ബാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വ്യോമാക്രമണം നടക്കുന്നതിനിടയിൽ പരിഭ്രാന്തരായി മെട്രോയുടെ പാളത്തിലേക്ക് കൈകുഞ്ഞുങ്ങളുമായി ഓടിയെത്തിയ സ്ത്രീകൾക്ക് പ്ലാറ്റ്ഫോമിലേക്ക് കയറാൻ കഴിഞ്ഞിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട മെട്രോ ജീവനക്കാരൻ സ്വന്തം ശരീരം പടിയായി ഒരുക്കി അവരെ സഹായിക്കുകയാരിന്നുവെന്ന് ഇറാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ ആരംഭിച്ച ആക്രണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ അടക്കം ഇതുവരെ ഏകദേശം 1700ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്കൂളുകളും ആശുപത്രികളും ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ട വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇറാൻ സൈന്യമാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.