‘50000 തരണം, 10000 മാത്രമേ എനിക്ക് കിട്ടൂ, ബാക്കി ഉദ്യോഗസ്ഥർക്ക്’; കൈക്കൂലി വാങ്ങുന്നതിനിടെ മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഡയറക്ടറേറ്റിലെ ലാബ് അറ്റൻഡറായ കാട്ടാക്കട സ്വദേശി ക്രിസ്റ്റ്യൻ ജോസിനെയാണ് വിജിലൻസ് സംഘം വലയിലാക്കിയത്. ആറ്റിങ്ങൽ സ്വദേശിയായ കരാറുകാരന്റെ പരാതിയെത്തുടർന്നായിരുന്നു നടപടി.
ചിറയിൻകീഴ് സ്വദേശിയുടെ വസ്തുവിൽ നിന്ന് കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ട്രാൻസിറ്റ് പാസ് അനുവദിക്കാനാണ് ഉദ്യോഗസ്ഥൻ 50,000 രൂപ ആവശ്യപ്പെട്ടത്. പാസ് അനുവദിക്കുന്നതിൽ മനഃപൂർവം കാലതാമസം വരുത്തിയ ശേഷം, വേഗത്തിൽ നടപടി വേണമെങ്കിൽ പണം നൽകണമെന്ന് ഇയാൾ നിർബന്ധിക്കുകയായിരുന്നു. തനിക്ക് പതിനായിരം രൂപ മാത്രമേ ലഭിക്കൂ എന്നും ബാക്കി 40,000 രൂപ മറ്റ് ഉദ്യോഗസ്ഥർക്ക് വീതം വെക്കാനുള്ളതാണെന്നുമാണ് ജോസ് പരാതിക്കാരനോട് പറഞ്ഞത്.
ആദ്യഗഡുവായി 5,000 രൂപ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസ് നൽകിയ നോട്ടുമായി എത്തിയ പരാതിക്കാരനിൽ നിന്ന് പണം സ്വീകരിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടിയത്. സംഭവത്തിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.