07/03/2026
[fontresizer_tawhidurrahmandear_widget]

ജസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ്; ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ

 ജസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ്; ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ

അങ്കമാലി: അങ്കമാലിയിൽ കോളേജ് വിദ്യാർഥിനി ജസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി. ജോർജിനായി തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ, ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് ജോർജ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 28-നാണ് പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ജസ്‌ലിയയെ സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. നിർത്താതെ പോയ കാറിനായി നടത്തിയ അന്വേഷണത്തിലാണ് ചാലാക്ക മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ സിറിയക്കിനെ തിരിച്ചറിഞ്ഞത്. സംഭവസമയം കാറിലുണ്ടായിരുന്ന സഹപാഠി അക്ഷയ് കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു.

കുറ്റകരമായ നരഹത്യ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സിറിയക്കിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ഇതിനിടെ, സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ ശക്തമായി എതിർക്കുമെന്ന് ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറിയിച്ചു.

അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്ന ജസ്‌ലിയ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. പഠനത്തോടൊപ്പം ജോലി ചെയ്തും കായികരംഗത്ത് മികവ് പുലർത്തിയും മാതൃകയായ ജസ്‌ലിയയുടെ വിയോഗം നാടിനെ നടുക്കിയിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചിരുന്നു.

Also read: