07/03/2026
[fontresizer_tawhidurrahmandear_widget]

‘പണി കിട്ടി പാക് താരങ്ങൾ’; ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് 50 ലക്ഷം പിഴ

 ‘പണി കിട്ടി പാക് താരങ്ങൾ’; ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് 50 ലക്ഷം പിഴ

ഇസ്ലാമാബാദ്: ഐസിസി ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ നേരത്തെ പുറത്തായതിന് പിന്നാലെ കളിക്കാർക്കെതിരെ കർശന നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിലുടനീളം ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ വീതം പിഴ ചുമത്താൻ ബോർഡ് തീരുമാനിച്ചതായാണ് വിവരം. ലോകകപ്പ് സെമിഫൈനൽ കാണാതെ പുറത്തായതോടെയാണ് ഭരണപരമായ മാറ്റങ്ങൾക്ക് പകരം താരങ്ങൾക്ക് സാമ്പത്തിക പിഴ ഏൽപ്പിക്കാൻ ബോർഡ് മുതിർന്നത്.

സൽമാൻ അലി ആഗയുടെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാൻ സൂപ്പർ 8 ഘട്ടത്തിലാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 213 റൺസ് പിന്തുടർന്ന പാകിസ്ഥാന് എതിരാളികളെ 147 റൺസിന് താഴെ നിയന്ത്രിക്കാൻ സാധിച്ചില്ല. ഇതോടെ നെറ്റ് റൺ റേറ്റിൽ ന്യൂസിലൻഡിനെ പിന്നിലാക്കാൻ കഴിയാതെ വരികയും സെമിഫൈനൽ സ്ഥാനം നഷ്ടമാവുകയും ചെയ്തു. തുടർച്ചയായ നാലാമത്തെ ഐസിസി ടൂർണമെന്റിലാണ് പാകിസ്ഥാൻ സെമി കാണാതെ പുറത്താകുന്നത്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ‘എക്‌സ്പ്രസ് ട്രിബ്യൂൺ’ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ 15ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയോട് തോറ്റപ്പോൾ തന്നെ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചനയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരങ്ങൾക്ക് വേണ്ടത്ര ലാളന നൽകിക്കഴിഞ്ഞു. ഇനി മുതൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകൂ,’ എന്ന് ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ടൂർണമെന്റിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ക്യാപ്റ്റൻ സൽമാൻ അലി ആഗ സ്ഥാനം ഒഴിയുമെന്നാണ് സൂചന. ബാബർ അസം, ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി തുടങ്ങിയ മുതിർന്ന താരങ്ങളും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടുന്നുണ്ട്. എന്നാൽ പിഴ ചുമത്തുന്ന കാര്യത്തിൽ പിസിബി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

Also read: