പതിനായിരത്തോളം ഹജ്ജ് തീർത്ഥാടകർ സംഗമിക്കുന്നു; പൂക്കോട്ടൂർ ഹജ്ജ് ക്യാംപിന് നാളെ തുടക്കം
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ഹജ്ജ് പഠന സംഗമങ്ങളിലൊന്നായ പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിന് നാളെ തുടക്കമാകും. ഇത്തവണത്തെ ഹജ്ജ് കർമങ്ങൾക്കായി തയ്യാറെടുക്കുന്ന 10,000ത്തോളം തീർത്ഥാടകരാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ ക്യാമ്പിൽ സംഗമിക്കുന്നത്. മലപ്പുറം പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്ററിലാണ് ഇതിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിരിക്കുന്നത്.
നാളെ രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല എം.എൽ.എ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഹജ്ജ് കർമങ്ങളെക്കുറിച്ചും യാത്രാ മര്യാദകളെക്കുറിച്ചും മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളായ കർണാടക (മംഗലാപുരം), തമിഴ്നാട് (നീലഗിരി) എന്നിവിടങ്ങളിൽനിന്നുമായി എണ്ണായിരത്തിലധികം ഹാജിമാർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തീർത്ഥാടകർക്ക് ഹജ്ജ് കർമങ്ങൾ പ്രായോഗികമായി മനസ്സിലാക്കാൻ വിശുദ്ധ കഅബയുടെയും മസ്ജിദുന്നബവിയുടെയും മാതൃകകൾ ക്യാമ്പ് നഗരിയിൽ ഒരുക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നൊത്തുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, ആരോഗ്യ സേവനങ്ങൾക്കായി ഡോക്ടർമാരുടെയും വോളന്റിയർമാരുടെയും പ്രത്യേക സംഘം ക്യാമ്പിലുടനീളം പ്രവർത്തിക്കും.
നാളെയും മറ്റന്നാളുമായി നടക്കുന്ന ക്യാമ്പിൽ പ്രമുഖ പണ്ഡിതന്മാരും ജനപ്രതിനിധികളും പങ്കെടുക്കും. ഹജ്ജ് യാത്രയ്ക്ക് മുന്നോടിയായി ഹാജിമാർക്ക് ആവശ്യമായ എല്ലാ ആത്മീയവും സാങ്കേതികവുമായ അറിവുകളും പകർന്നു നൽകുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.