ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിനെതിരെ ‘റോഡ് ഷോ’യുമായി മന്ത്രി റിയാസ്
കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് മുറുകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാനിരിക്കെ, കോഴിക്കോട് വെങ്ങളം-രാമനാട്ടുകര റീച്ചിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. തന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമായാണ് മന്ത്രിയുടെ ഈ നീക്കം.
നേരത്തെ കാസർകോട് നുള്ളിപ്പാടിയിൽ സി.എച്ച് കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടനവും നടന്നിരുന്നു. പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നതിന് മുൻപായി ദേശീയപാതയുടെ ഒന്നാം റീച്ച് നാട മുറിച്ചാണ് എംഎൽഎ ഉദ്ഘാടനം ചെയ്തത്.
തന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് കേരളത്തോടുള്ള അപമാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ വലിയ തുക ചിലവഴിച്ച സംസ്ഥാന സർക്കാരിനെ തഴഞ്ഞ് പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “ഒരു ഔദ്യോഗിക വികസന പരിപാടിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ വേദിയിലിരിക്കുമ്പോൾ വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത് ജനാധിപത്യത്തിന് ഭൂഷണമല്ല,” മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടുനിൽക്കുകയാണ്. പരിപാടിയുടെ അറിയിപ്പ് വൈകിയാണ് ലഭിച്ചതെന്നും മറ്റ് ഔദ്യോഗിക കൃത്യങ്ങൾ ഉള്ളതിനാലുമാണ് പങ്കെടുക്കാത്തതെന്നും മന്ത്രിമാരായ എം.ബി രാജേഷും കെ കൃഷ്ണൻകുട്ടിയും വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നുവെന്നും കേരളത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കമെന്നും സംസ്ഥാന സർക്കാർ ആരോപിക്കുന്നു.