27/03/2026
[fontresizer_tawhidurrahmandear_widget]

സ്വർണവിലയിൽ വൻ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 2200 രൂപ; എണ്ണവില ഉയരുന്നു

 സ്വർണവിലയിൽ വൻ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 2200 രൂപ; എണ്ണവില ഉയരുന്നു

കോഴിക്കോട്: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ട് ഘട്ടങ്ങളിലായി പവന് 2200 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം മാത്രം 1720 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,000 രൂപയിലെത്തി. ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,250 രൂപയായും മാറി. ഇന്നലെ സ്വർണവിലയിൽ 3400 രൂപയുടെ വൻ വർധനവ് ഉണ്ടായതിന് പിന്നാലെയാണ് ഈ തിരുത്തൽ.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് വിലയിലെ കടുത്ത ചാഞ്ചാട്ടത്തിന് പ്രധാന കാരണം. ട്രംപിന്റെ അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വില ഉയർന്നെങ്കിലും, മേഖലയിൽ ആക്രമണങ്ങൾ തുടരുന്നത് വിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കി. രാജ്യാന്തര വിപണിയിൽ സ്വർണവില 2.7 ശതമാനം ഇടിഞ്ഞ് ട്രോയ് ഔൺസിന് 4430 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും ആറ് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

അതേസമയം, സ്വർണം താഴേക്ക് പോകുമ്പോഴും അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് വില 3.81 ശതമാനം വർധിച്ച് നിലവിൽ ബാരലിന് 106 ഡോളറിലെത്തി. ഡോളർ കരുത്താർജ്ജിച്ചതും എണ്ണവിലയിലെ വർധനവുമാണ് സ്വർണത്തിന് തിരിച്ചടിയായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Also read: