28/03/2026
[fontresizer_tawhidurrahmandear_widget]

‘മാറ്റം നല്ലത്’ വെള്ളാപ്പള്ളിയെ പുറത്താക്കിയ കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

 ‘മാറ്റം നല്ലത്’ വെള്ളാപ്പള്ളിയെ പുറത്താക്കിയ കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം. ഈ നടപടി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസ പ്രഖ്യാപനമാണ്. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും യോഗം പിന്നാക്കം പോകുകയാണ്. ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിർദേശം വന്ന ദുരവസ്ഥ പോലും ഉണ്ടായെന്നും ഇപ്പോഴുണ്ടാകുന്ന മാറ്റം നല്ലതാണെന്നും മഠം പ്രസിഡന്റ് സച്ചിദാനന്ദ പറഞ്ഞു. നല്ല രീതിയിലുള്ള ഭരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനാരായണ ഗുരുവിന്റെ ആശയത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നിലപാടാണ് കഴിഞ്ഞ കുറേ നാളുകളായി എസ്എൻഡിപി യോഗം സ്വീകരിച്ചിരുന്നത്. യോഗത്തെ മറ്റുസമുദായങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകൾ ഭാരവാഹികളുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതിനൊരു മാറ്റം അനിവാര്യമായിരുന്നെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

കമ്പനി ആക്ട് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടിയെടുത്തത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തു നിന്ന് നീക്കി അയോഗ്യരാക്കിയിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. ജസ്റ്റിസ് ടി ആർ രവിയുടെ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.

Also read: