06/03/2026
[fontresizer_tawhidurrahmandear_widget]

ഫയർ പവർ സഞ്ജു; ഫൈനലിലേക്ക് ഇന്ത്യൻ മാർച്ച്

 ഫയർ പവർ സഞ്ജു; ഫൈനലിലേക്ക് ഇന്ത്യൻ മാർച്ച്

മുംബൈ: 2026 ഐസിസി ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങ്ങാണ്(89) ഇന്ത്യയ്ക്ക് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 42 പന്തിൽ നിന്ന് 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു സാംസണാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഏഴു സിക്‌സറുകളും എട്ടു ഫോറുകളും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

സഞ്ജുവിന് പുറമെ ഇഷാൻ കിഷൻ (39), ശിവം ദുബെ (43), ഹാർദിക് പാണ്ഡ്യ (27) എന്നിവരും തകർപ്പൻ പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ തിലക് വർമയും പാണ്ഡ്യയും നടത്തിയ മിന്നൽ ബാറ്റിങ്ങാണ് ഇന്ത്യയെ 250 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ജേക്കബ് ബെഥൽ ഐതിഹാസികമായ പോരാട്ടമാണ് കാഴ്ചവെച്ചത്. വെറും 48 പന്തിൽ നിന്ന് 105 റൺസ് നേടിയ ബെഥൽ ഇന്ത്യയെ ശരിക്കും വിറപ്പിച്ചു. എന്നാൽ, അവസാന ഓവറുകളിൽ കൃത്യതയാർന്ന ബൗളിങ്ങും തകർപ്പൻ ഫീൽഡിങ്ങും വഴി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 30 റൺസ് വേണമായിരുന്നു. ശിവം ദുബെ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ബെഥൽ റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തുണയായി. ജോഫ്ര ആർച്ചർ അവസാന പന്തുകളിൽ സിക്‌സറുകൾ പറത്തിയെങ്കിലും ഇംഗ്ലണ്ടിന് 246 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ജസ്പ്രീത് ബുംറയുടെയും അർഷ്ദീപ് സിങ്ങിന്റെയും ബൗളിങ് പ്രകടനവും അക്‌സർ പട്ടേൽ എടുത്ത നിർണായക ക്യാച്ചുകളും ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് കിവികൾ ഫൈനലിലെത്തിയത്.

Also read: