31/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയെ നിയന്ത്രിക്കുന്ന’ ജൂത ലോബി’ ഐപാകിനോട് ബന്ധം വിച്ഛേദിച്ച് യുഎസ് നേതാക്കൾ

 അമേരിക്കയെ നിയന്ത്രിക്കുന്ന’ ജൂത ലോബി’ ഐപാകിനോട് ബന്ധം വിച്ഛേദിച്ച് യുഎസ് നേതാക്കൾ

വാഷിങ്ടൺ : ഇറാനെതിരെ ഇസ്രയേലിനു വേണ്ടി അമേരിക്ക നേരിട്ട് യുദ്ധമുഖത്തിറങ്ങി എന്ന ആരോപണം ആഗോളതലത്തിൽ ശക്തമായി നിലനിൽക്കെ, അമേരിക്കൻ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലെ അദൃശ്യ ശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേൽ അനുകൂല ലോബിയായ ഐപാകും (എ.ഐ.പി.എ.സി) ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാക്കളും തമ്മിലുള്ള ദീർഘകാല ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഗാസയിൽ ഇസ്രയേൽ വർഷങ്ങളായി തുടരുന്ന സൈനിക നീക്കങ്ങളും അവിടുത്തെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഈ അകൽച്ചയ്ക്ക് പ്രധാന കാരണമായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. മുൻകാലങ്ങളിൽ ഇസ്രയേലിന് നിരുപാധികമായ പിന്തുണ നൽകുക എന്നത് അമേരിക്കയിലെ ഡെമോക്രാറ്റ്-റിപ്പബ്ലിക്കൻ പാർട്ടികൾക്കിടയിലെ ഒരു അലിഖിത നിയമമായിരുന്നുവെങ്കിൽ, ഇന്ന് ആ സാഹചര്യം മാറിക്കഴിഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ നയങ്ങളോടുള്ള കടുത്ത വിയോജിപ്പും, ഐപാക് റിപ്പബ്ലിക്കൻ പാർട്ടിയോട് കാണിക്കുന്ന പരസ്യമായ അടുപ്പവും ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചിട്ടുണ്ട്.

പാർട്ടിക്കുള്ളിലെ ലിബറൽ ജൂതന്മാരുടെ പിന്തുണ നിലനിർത്താൻ പോലും നെതന്യാഹുവിനെ പരസ്യമായി വിമർശിക്കേണ്ടി വരുന്ന ഗതികേടിലാണ് പല ഡെമോക്രാറ്റിക് നേതാക്കളും. അമേരിക്കയിലെ പുതിയ തലമുറയ്ക്കും ഡെമോക്രാറ്റിക് വോട്ടർമാർക്കും ഫലസ്തീൻ ജനതയുടെ ദുരിതത്തിൽ കടുത്ത അമർഷമുണ്ട്. അടുത്തിടെ നടന്ന സർവേകൾ പ്രകാരം ഡെമോക്രാറ്റുകൾക്കിടയിൽ ഇസ്രയേലിനോടുള്ള പിന്തുണ കുറയുകയും ഫലസ്തീൻ അനുകൂല നിലപാടുകൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ ജനവികാരം കണക്കിലെടുത്ത് മോർഗൻ മക്ഗാർവി, ഡെബോറ റോസ്, ഡാനിയേൽ ബിസ്സ് തുടങ്ങിയ പ്രമുഖ ജനപ്രതിനിധികൾ ഐപാകിൽ നിന്ന് ഇനിമുതൽ തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു.

ഐപാക് എല്ലാ വർഷവും നടത്തിവരാറുള്ള ഇസ്രയേൽ പഠനയാത്രകളിലും ഈ വിള്ളൽ പ്രകടമാണ്. പുതിയ കോൺഗ്രസ് അംഗങ്ങളെയും മാധ്യമപ്രവർത്തകരെയും ഇസ്രയേലിൽ എത്തിച്ച് അനുകൂല സാഹചര്യം ഒരുക്കുന്ന ഈ യാത്രകളിൽ ഇത്തവണ ഡെമോക്രാറ്റിക് അംഗങ്ങളുടെ പങ്കാളിത്തം പകുതിയിലധികം കുറഞ്ഞു. കഴിഞ്ഞ തവണ 24 പേർ പങ്കെടുത്ത സ്ഥാനത്ത് ഇത്തവണ വെറും 11 പേർ മാത്രമാണ് യാത്രയ്ക്ക് തയ്യാറായത്. തങ്ങളുടെ നിലപാടുകളെ വിമർശിക്കുന്ന ഡെമോക്രാറ്റിക് നേതാക്കളെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ഐപാക് പരസ്യമായി ശ്രമിക്കുന്നു എന്ന ആരോപണവും പാർട്ടിക്കുള്ളിൽ പുകയുന്നുണ്ട്.

2021ൽ സ്വന്തമായി പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച ഐപാക്, വരാനിരിക്കുന്ന 2026ലെ തിരഞ്ഞെടുപ്പിൽ ഏകദേശം 100 മില്യൺ ഡോളർ (ഏകദേശം 800 കോടി രൂപ) ചിലവിട്ട് തങ്ങൾക്ക് എതിരായ സ്ഥാനാർത്ഥികളെ തോൽപിക്കാൻ പദ്ധതിയിടുന്നു. ചുരുക്കത്തിൽ, ഇറാനെതിരെയുള്ള യുദ്ധത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ഇസ്രായിലിന്റെ ഇംഗിതത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാജ്യം എന്ന ആരോപണത്തിനിടയിൽ അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇസ്രയേൽ അനുകൂല ലോബിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായി ഈ മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നു.

Also read: