02/06/2026
[fontresizer_tawhidurrahmandear_widget]

യുഎസ് യുദ്ധവിമാനങ്ങൾക്കു മുന്നിൽ വ്യോമപാത അടച്ച് സ്‌പെയിൻ; ട്രംപിന്റെ ഭീഷണി തള്ളി പെഡ്രോ സാഞ്ചസ്

 യുഎസ് യുദ്ധവിമാനങ്ങൾക്കു മുന്നിൽ വ്യോമപാത അടച്ച് സ്‌പെയിൻ; ട്രംപിന്റെ ഭീഷണി തള്ളി പെഡ്രോ സാഞ്ചസ്

മാഡ്രിഡ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ഭിന്നത തുടരുന്നതിനിടെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയുമായി സ്‌പെയിൻ. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സ്‌പെയിൻ, യുഎസ് യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശനം നിഷേധിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു നാറ്റോ സഖ്യരാജ്യം അമേരിക്കയ്ക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമാണ്.

ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണും ആകാശവും വിട്ടുനൽകില്ലെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് സ്‌പെയിൻ. സ്‌പെയിനിലെ റോമൻ, റോട്ട എന്നീ സംയുക്ത സൈനിക താവളങ്ങൾ യുദ്ധസംബന്ധമായ ഒരു കാര്യത്തിനും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി. യുദ്ധവിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾക്കും സ്‌പെയിൻ വഴി പറക്കാൻ അനുമതി നൽകില്ലെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനിലെ ആർഎഫ് ഫെയർഫോർഡ് ബേസിൽനിന്നുള്ള അമേരിക്കൻ ബോംബർ വിമാനങ്ങൾക്ക് സ്‌പെയിനിന്റെ പുതിയ തീരുമാനം കനത്ത തിരിച്ചടിയാണ്. സ്പാനിഷ് ആകാശപരിധി നിഷേധിക്കപ്പെട്ടതോടെ, ഇറാനിലേക്ക് പോകുന്ന വിമാനങ്ങൾ ഐബീരിയൻ പെനിൻസുല പൂർണമായും ഒഴിവാക്കി അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെയോ ഫ്രാൻസ് വഴിയോ ദീർഘദൂരം സഞ്ചരിക്കേണ്ടി വരും. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ വിമാനങ്ങൾക്ക് സ്‌പെയിനിൽ ഇറങ്ങാൻ അനുമതിയുള്ളൂ എന്ന് സ്പാനിഷ് പത്രമായ ‘എൽ പൈസ്’ റിപ്പോർട്ട് ചെയ്തു.

സ്‌പെയിനിന്റെ യുദ്ധവിരുദ്ധ നിലപാടിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിനുമായി പൂർണമായ വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതൊരു നിയമവിരുദ്ധ യുദ്ധമാണ് എന്ന നിലപാടിൽ സ്‌പെയിൻ ഉറച്ചുനിൽക്കുകയാണ്. പശ്ചിമേഷ്യയിൽ സംഘർഷത്തിന് ആക്കം കൂട്ടുന് യാതൊരു നടപടിക്കും സ്‌പെയിൻ കൂട്ടുനിൽക്കില്ലെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസും വ്യക്തമാക്കി.

സ്‌പെയിനിന്റെ ധീരമായ നിലപാടിനെ ഇറാൻ സ്വാഗതം ചെയ്തു. സ്‌പെയിൻ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്ന രാജ്യമാണെന്നും, അതിനാൽ ഹോർമുസ് കടലിടുക്ക് വഴി സ്‌പെയിനിന്റെ കപ്പലുകൾക്ക് പോകുന്ന കാര്യത്തിൽ ടെഹ്‌റാൻ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും ഇറാന്റെ സ്പാനിഷ് എംബസി അറിയിച്ചു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ സംഘർഷാവസ്ഥയിലാണ്.

യൂറോപ്പിലെ മറ്റ് നാറ്റോ സഖ്യരാജ്യങ്ങൾക്കിടയിൽ സ്‌പെയിനിന്റെ നിലപാട് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുൻപ് നടന്ന ഇറാഖ് യുദ്ധം പോലെ മറ്റൊരു മാനുഷിക ദുരന്തം ആവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് പെഡ്രോ സാഞ്ചസ് തന്റെ പ്രസംഗത്തിൽ നേരത്തെ വ്യക്തമാക്കിയത്.

Also read: