27/03/2026
[fontresizer_tawhidurrahmandear_widget]

‘എന്നെയും ഒന്ന് ഇഷ്ടപ്പെടണേ…’; ‘ശശി ആശാനെ’ കാണാൻ ‘ഡ്യൂഡ്’ എത്തി; എം.എം മണിയെ കണ്ട് വിനായകൻ

 ‘എന്നെയും ഒന്ന് ഇഷ്ടപ്പെടണേ…’;              ‘ശശി ആശാനെ’ കാണാൻ ‘ഡ്യൂഡ്’ എത്തി; എം.എം മണിയെ കണ്ട് വിനായകൻ

നെടുങ്കണ്ടം: വെള്ളിത്തിരയിലെ ‘പി.പി ശശി’യെ നേരിൽ കാണാൻ ‘ഡ്യൂഡ്’ മലകയറിയെത്തി. ‘ആട്’ സിനിമയിലെ ഹിറ്റ് കഥാപാത്രമായ ഡ്യൂഡിനെ അവതരിപ്പിച്ച നടൻ വിനായകനാണ്, എം.എം മണിയെ കാണാൻ നെടുങ്കണ്ടത്തെ എം.എൽ.എ ഓഫീസിലെത്തിയത്. സിനിമയുടെ മൂന്നാം ഭാഗമായ ‘ആട് 3’ തിയേറ്ററുകളിൽ തകർപ്പൻ പ്രദർശനം തുടരുന്നതിനിടെയാണ് തന്റെ പ്രിയപ്പെട്ട മണിയാശാനെ കാണാൻ വിനായകൻ എത്തിയത്.

ഉടുമ്പൻചോലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ തിരക്കുകൾക്കിടയിലായിരുന്നു വിനായകന്റെ അപ്രതീക്ഷിത സന്ദർശനം. ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് വിനായകന് ആശാനെ കാണാനായത്. വിനായകനെ ചുവന്ന ഷാൾ അണിയിച്ച് എം.എം മണി സ്വീകരിച്ചു. തുടർന്ന് അതേ ഷാൾ സ്ഥാനാർത്ഥി കെ.കെ ജയചന്ദ്രന് അണിയിച്ച് വിനായകൻ തന്റെ വിജയാശംസകൾ നേർന്നു.

കൂടിക്കാഴ്ചക്കിടെ രസകരമായ സംഭാഷണങ്ങളും അരങ്ങേറി. മോഹൻലാലും മമ്മൂട്ടിയുമാണ് തന്റെ പ്രിയതാരങ്ങളെന്ന് മണിയാശാൻ പറഞ്ഞപ്പോൾ, തന്നെയൊന്ന് ഇഷ്ടപ്പെടണമെന്നായി വിനായകന്റെ മറുപടി. “ഇയാളെയും എനിക്ക് ഇഷ്ടമാണ്” എന്ന് ആശാൻ തിരിച്ചടിച്ചതോടെ ചിരി പടർന്നു. സിനിമയുടെ പ്രമോഷന് ആശാനെ ക്ഷണിച്ചിരുന്നെങ്കിലും തിരക്ക് കാരണം വരാൻ കഴിയാത്തതിനാലാണ് താൻ നേരിട്ടെത്തിയതെന്ന് വിനായകൻ പറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം സമയം ആശാനൊപ്പം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

Also read: