03/04/2026
[fontresizer_tawhidurrahmandear_widget]

മംദാനിക്ക് നേരെ വധശ്രമം? വസതിക്കുനേരെ സ്‌ഫോടകവസ്തുക്കളെറിഞ്ഞു; ആറുപേർ പിടിയിൽ

 മംദാനിക്ക് നേരെ വധശ്രമം? വസതിക്കുനേരെ സ്‌ഫോടകവസ്തുക്കളെറിഞ്ഞു; ആറുപേർ പിടിയിൽ

ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കുനേരെ വധശ്രമം. ഔദ്യോഗിക വസതിക്ക് മുന്നിൽ മുസ്ലിം വിരുദ്ധ പ്രതിഷേധത്തിനിടെ സ്ഫോടകവസ്തുക്കളുമായി ആക്രമണശ്രമം. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ മേയറുടെ വസതിയായ ‘ഗ്രേസി മാൻഷന്’ പുറത്തേക്ക് പുകയുന്ന സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടക്കുമ്പോൾ മേയർ സൊഹ്റാൻ മംദാനിയും കുടുംബവും വസതിക്കുള്ളിലുണ്ടായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

തീവ്ര വലതുപക്ഷ സ്വാധീനമുള്ള ജേക്ക് ലാങ്ങിന്റെ നേതൃത്വത്തിൽ നടന്ന മുസ്ലിം വിരുദ്ധ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ‘ന്യൂയോർക്കിലെ പൊതു ഇടങ്ങളിലെ മുസ്ലിം പ്രാർത്ഥനകൾ അവസാനിപ്പിക്കുക’, ‘ഇസ്ലാമിഫിക്കേഷൻ തടയുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ജേക്ക് ലാങ്ങിന്റെയും സംഘത്തിന്റെയും പ്രതിഷേധം. ഇതിനെതിരെ ‘റൺ ദ നാസീസ് ഔട്ട് ഓഫ് ന്യൂയോർക്ക് സിറ്റി’ എന്ന പേരിൽ ഏകദേശം 125-ഓളം പേർ പങ്കെടുത്ത വലിയൊരു പ്രതിഷേധവും അവിടെ നടന്നു.

പോലീസ് റിപ്പോർട്ട് പ്രകാരം, പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 12:15-ഓടെയായിരുന്നു അക്രമസംഭവങ്ങൾ. പ്രതിഷേധക്കാരിൽ ഒരാൾ പെപ്പർ സ്‌പ്രേ പ്രയോഗിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. പിടിച്ചെടുത്ത ഉപകരണങ്ങൾ പരിശോധിച്ച ന്യൂയോർക്ക് പോലീസ് വിശദമായ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഒരു ഫുട്‌ബോളിനെക്കാളും ചെറിയ ഭരണികളിലായിരുന്നു സ്‌ഫോടകവസ്തുക്കൾ നിർമിച്ചിരുന്നത്. അകത്ത് ആണികൾ, ബോൾട്ടുകൾ, സ്‌ക്രൂകൾ എന്നിവ നിറച്ചിരുന്നു. ഒരു ‘ഹോബി ഫ്യൂസ്’ ഉപയോഗിച്ചാണ് ഇവ കത്തിച്ചിരുന്നത്. ഇവ യഥാർത്ഥ ഐഇഡി ആണോ അതോ പരിഭ്രാന്തി പരത്താൻ നിർമിച്ച വ്യാജമാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ സംഭവത്തെ അപലപിച്ചു. ‘സമാധാനപരമായ പ്രതിഷേധത്തിന് ന്യൂയോർക്കിൽ അവകാശമുണ്ട്. എന്നാൽ വിദ്വേഷത്തിനോ അക്രമത്തിനോ ഇവിടെ സ്ഥാനമില്ല,’ അവർ പറഞ്ഞു. മേയറുടെ വക്താവ് ജേക്ക് ലാങ്ങിന്റെ പ്രതിഷേധത്തെ ‘ഇസ്ലാമോഫോബിക്’ എന്ന് വിശേഷിപ്പിക്കുകയും മേയറും കുടുംബവും നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എഫ്.ബി.ഐയുടെ ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്സും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: