11/06/2026
[fontresizer_tawhidurrahmandear_widget]

ഒരു വർഷത്തിനിടെ അമേരിക്കയിൽ കാണാതായത് 10 ആണവ ശാസ്ത്രജ്ഞർ: ആശങ്കൾക്ക് പ്രതികരണവുമായി ട്രംപ്, അന്വേഷണം പ്രഖ്യാപിച്ചു

 ഒരു വർഷത്തിനിടെ അമേരിക്കയിൽ കാണാതായത് 10 ആണവ ശാസ്ത്രജ്ഞർ: ആശങ്കൾക്ക് പ്രതികരണവുമായി ട്രംപ്, അന്വേഷണം പ്രഖ്യാപിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രമുഖ ശാസ്ത്രജ്ഞർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്. ഇതിനോടകം മുപ്പതോളം ശാസ്ത്രജ്ഞരെ ഇത്തരത്തിൽ കാണാതാവുകയോ മരിച്ച നിലയിൽ കണ്ടെത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഒരു വർഷത്തിനിടെ ഇത്തരത്തിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത പത്തോളം ശാസ്ത്രജ്ഞരുടെ പട്ടിക അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.

അന്യഗ്രഹ ജീവികളെക്കുറിച്ചും തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചും, ആണവ നിലയങ്ങളെക്കുറിച്ചും സർക്കാരുകൾ മറച്ചുവെക്കുന്ന രഹസ്യങ്ങൾ പുറത്തുവിടാൻ തയ്യാറെടുത്തവരാണ് ഇവരിലധികവും എന്നതാണ് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഈ ശാസ്ത്രജ്ഞരിൽ ഭൂരിഭാഗവും സർക്കാർ സംവിധാനങ്ങളുമായോ പ്രതിരോധ വകുപ്പുമായോ ചേർന്ന് അതീവ രഹസ്യ സ്വഭാവമുള്ള പദ്ധതികളിൽ ജോലി ചെയ്തിരുന്നവരാണ്. വൈറ്റ് ഹൗസിനെ പോലും പ്രതിരോധത്തിലാക്കുന്ന ഈ സംഭവങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ട പലരും ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പക്കലുള്ള തെളിവുകൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷരായത്.

ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ചില ശാസ്ത്രജ്ഞർ കാറപകടങ്ങളിലും മറ്റു ചിലർ ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിലും മരണപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. എന്നാൽ ഇവരുടെ മരണങ്ങളിൽ സ്വാഭാവികതയില്ലെന്നും കൃത്യമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും അവരുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ആരോപിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട യുഎഫ്ഒ ഗവേഷകരും ഭൗതികശാസ്ത്രജ്ഞരും ഈ പട്ടികയിലുണ്ട്. സർക്കാർ രഹസ്യങ്ങൾ പുറത്താകാതിരിക്കാൻ ഉന്നത തലങ്ങളിൽ നടക്കുന്ന ഇടപെടലുകളാണ് ഈ മരണങ്ങൾക്ക് പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

പലപ്പോഴും ഇത്തരത്തിൽ അപ്രത്യക്ഷരായ ശാസ്ത്രജ്ഞരുടെ ഫയലുകൾ പോലും അന്വേഷണ ഏജൻസികൾ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഈ വിചിത്രമായ തിരോധനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവർത്തകരും, കുടുംബാം​ഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ വെറുമൊരു യാദൃശ്ചികതയായി കാണാൻ കഴിയില്ലെന്നും കൃത്യമായ ഒരു പാറ്റേൺ ഈ സംഭവങ്ങൾക്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചവർ എങ്ങോട്ടാണ് പോയതെന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.

ആണവായുധങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന കാൻസാസ് സിറ്റി നാഷണൽ സെക്യൂരിറ്റി ക്യാമ്പസിൽ ഉന്നത സുരക്ഷാ അനുമതിയോടെ ജോലി ചെയ്തിരുന്ന സ്റ്റീവൻ ഗാർഷ്യ എന്ന 48 കാരനെ 2025 ഓഗസ്റ്റ് 28-നാണ് കാണാതായത്. കൈത്തോക്കുമായി വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. സമാനമായ രീതിയിൽ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ മുൻ ജീവനക്കാരനായിരുന്ന ആന്തണി ചാവേസിനെ 2025 മെയ് മാസത്തിൽ കാണാതാവുകയും മാസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തു. ഇതേ ലബോറട്ടറിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്ന മെലിസ കാസിയാസ് 2025 ജൂണിൽ മകളെ ഉച്ചഭക്ഷണത്തിന് കൊണ്ടുപോയ ശേഷം ഹൈവേയിലൂടെ നടന്നുപോകവെയാണ് അപ്രത്യക്ഷയായത്. അവരുടെ ഫോണും വാലറ്റും വീട്ടിൽ തന്നെയായിരുന്നു.

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞരുടെ മരണങ്ങളും തിരോധനങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രമുഖ ബഹിരാകാശ ഗവേഷകനായിരുന്ന ഫ്രാങ്ക് മെയ്‌വാൾഡ് 2024 ജൂലൈയിൽ അജ്ഞാത കാരണങ്ങളാൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ധൂമകേതുക്കളെയും ഛിന്നഗ്രഹങ്ങളെയും കുറിച്ച് പഠനം നടത്തിയിരുന്ന ജെപിഎല്ലിലെ തന്നെ ഭൗതികശാസ്ത്രജ്ഞൻ മൈക്കൽ ഡേവിഡ് ഹിക്സ് 2023 ജൂലൈയിൽ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ കാരണവും വ്യക്തമല്ല.

ജെപിഎല്ലിലെ എയറോസ്പേസ് എഞ്ചിനീയറായിരുന്ന മോണിക്ക ജസീന്ത റെസ 2025 ജൂണിൽ വനപ്രദേശത്ത് ഹൈക്കിംഗിനിടെയാണ് അപ്രത്യക്ഷയായത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഇവർ പുഞ്ചിരിയോടെ കൈവീശിക്കാണിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷയാവുകയായിരുന്നു. ശാസ്ത്രജ്ഞനും മുൻ എയർഫോഴ്സ് ജനറലുമായ വില്യം നീൽ മക്കാസ്‌ലാൻഡ് 2026 ഫെബ്രുവരിയിലാണ് കാണാതായത്. യുഎഫ്ഒ രഹസ്യങ്ങളുമായും അന്യഗ്രഹ അവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന റൈറ്റ് പാറ്റേഴ്സൺ എയർഫോഴ്സ് ബേസുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന സൂചനകൾ സംഭവത്തിന് പിന്നിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

കൂടാതെ, പ്രമുഖരായ ചില ശാസ്ത്രജ്ഞർ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. നാസയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന കാല്ടെക്കിലെ അസ്ട്രോഫിസിസിസ്റ്റ് കാൾ ഗ്രിൽമെയർ 2026 ഫെബ്രുവരിയിൽ സ്വന്തം വീടിന്റെ മുറ്റത്ത് വെടിയേറ്റു മരിച്ചു. അന്യഗ്രഹങ്ങളിലെ ജലസാന്നിധ്യത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന ഇദ്ദേഹത്തെ വെടിവെച്ച ആൾക്ക് ഗ്രിൽമെയറുമായി മുൻപരിചയമില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആണവ ശാസ്ത്രജ്ഞനും എംഐടി പ്രൊഫസറുമായ നുനോ ലൂറിറോ 2025 ഡിസംബറിൽ സ്വന്തം വീട്ടിൽ വെടിയേറ്റു കൊല്ലപ്പെട്ടു.

നോവാർട്ടിസ് ഗവേഷകനായിരുന്ന ജേസൺ തോമസിനെ 2025 ഡിസംബറിൽ കാണാതാവുകയും മാസങ്ങൾക്ക് ശേഷം മസാച്യുസെറ്റ്സിലെ ഒരു തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അമേരിക്കയുടെ പ്രതിരോധ-ആണവ മേഖലകളിലെ രഹസ്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഇത്രയധികം ശാസ്ത്രജ്ഞർ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്തരത്തിൽ ഇല്ലാതാകുന്നത് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സംശയം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയരുന്നുണ്ട്. ഇതിനുപുറമെ, ഇവർ കൈകാര്യം ചെയ്തിരുന്ന ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യവും ശക്തമാണ്. തുടർച്ചയായുണ്ടാകുന്ന ഈ പത്ത് കേസുകളിലും കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിലാണ് ശാസ്ത്രലോകം.

ശാസ്ത്രജ്ഞരുടെ കുടുംബാം​ഗങ്ങളുംടെയും സുഹൃത്തുക്കളുടെയും പ്രതിഷേധങ്ങൾ ശക്തമായതോടെ വൈറ്റ് ഹൗസ് ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിട്ടുണ്ട്. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്തിരുന്ന ഇത്രയധികം വിദഗ്ധർ ഒരേ കാലയളവിൽ അപ്രത്യക്ഷരായത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്നും അന്വേഷണം ആരംഭിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. “ഇതൊരു യാദൃശ്ചികതയാണെന്ന് ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഇവർ വളരെ പ്രധാനപ്പെട്ട വ്യക്തികളാണ്. ഇതിനു പിന്നിലെ സത്യാവസ്ഥ ഉടൻ പുറത്തുകൊണ്ടുവരും,” ട്രംപ് കൂട്ടിച്ചേർത്തു

Also read: