11/06/2026
[fontresizer_tawhidurrahmandear_widget]

“സർക്കാർ മാറിയത് ആന അറിഞ്ഞില്ലായെന്നത് മറുപടിയല്ല”; ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

 “സർക്കാർ മാറിയത് ആന അറിഞ്ഞില്ലായെന്നത് മറുപടിയല്ല”; ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. സംസ്ഥാനത്ത് സർക്കാർ മാറിയത് കാട്ടാന അറിഞ്ഞില്ലെന്ന തരത്തിലുള്ള മറുപടികളല്ല വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവികളുടെ ആക്രമണം തടയുന്നതിനായി മുൻപ് തുടങ്ങിവെച്ച സുരക്ഷാ നടപടികൾക്ക് കൃത്യമായ തുടർച്ചയുണ്ടാകാൻ സർക്കാർ തയ്യാറാകണം. പരിക്കേറ്റ കുട്ടിയുടെ തലയോട്ടിയുടെ ഭാഗത്ത് നിലവിൽ വേദനയുണ്ടെങ്കിലും ഡോക്ടർമാർ ശുഭപ്രതീക്ഷയിലാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം എട്ടാം തീയതിയാണ് ചിന്നക്കനാലിൽ നാടിനെ നടുക്കിയ കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ സൂര്യനെല്ലി സ്വദേശിനിയായ മാരി എന്ന യുവതി കൊല്ലപ്പെടുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. തിരുവള്ളൂർ ഉന്നതിയിൽ നിന്ന് മകനെ സ്കൂളിലേക്ക് അയക്കാനായി റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അമ്മയ്ക്കും മകനും നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്. സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയും കടുത്ത കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ കാട്ടാന മുന്നിൽ നിൽക്കുന്നത് അമ്മയ്ക്കും മകനും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ കുട്ടിയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്.

Also read: