ഉറങ്ങിക്കിടന്ന ബിഎസ്എഫ് ജവാനെ വെടിവെച്ചു കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ബിഎസ്എഫ് ജവാൻ നൈൻ സിങ്നെ ഉറക്കത്തിനിടെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ജവാന്റെ ഭാര്യ കോമൾ ദേവി, കാമുകൻ ഗുൽഷൻ, കൂട്ടാളികളായ രാഹുൽ, ഗുഡ്ഡു, മോണ്ടു എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ജോലി ചെയ്യുന്ന നൈൻ സിങ് അവധിക്കായി മാർച്ച് 6-നാണ് ഇഞ്ചോളിയിലെ ധൻപൂർ ഗ്രാമത്തിലുള്ള തന്റെ വീട്ടിലെത്തിയത്. തുടർന്ന് മാർച്ച് 28-ന് പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ആദ്യം അയൽവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെങ്കിലും പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുവന്നത്.
കോമളും ഗുൽഷനും തമ്മിലുള്ള വിവാഹേതര ബന്ധത്തെ നൈൻ സിങ് ശക്തമായി എതിർത്തിരുന്നതായും ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായും സീനിയർ പോലീസ് സൂപ്രണ്ട് അവിനാശ് പാണ്ഡെ പറഞ്ഞു. ഭർത്താവിന്റെ പീഡനത്തിൽ നിന്ന് ഒഴിവാകാനാണ് കോമൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി തന്റെ സ്വർണാഭരണങ്ങൾ വിറ്റ് പണം കണ്ടെത്തുകയും ഗുൽഷന്റെ സഹായത്തോടെ അനധികൃത ആയുധം വാങ്ങുകയുമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. കേസ് തെളിയിച്ച പോലീസ് സംഘത്തിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.