സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ഈസ്റ്റർ: പള്ളികളിൽ പ്രത്യേക പ്രാർഥനകളും ഉയിർപ്പുദിന തിരുകർമങ്ങളും
കൊച്ചി: യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ സമാധാനത്തിനായുള്ള ആഹ്വാനവും സമകാലിക രാഷ്ട്രീയ വിഷയങ്ങളിലെ ആശങ്കകളും സഭാധ്യക്ഷന്മാർ പങ്കുവെച്ചു. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങുകൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. ഗൾഫ് മേഖല യുദ്ധത്തിന്റെ മുനമ്പിലാകാൻ കാരണം ആരാണ് വലുത് എന്ന അധികാര ഗർവാണെന്ന് അദ്ദേഹം വിമർശിച്ചു. മനുഷ്യൻ ഇന്ന് സമാധാനമില്ലാതെ വെപ്രാളപ്പെടുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഈസ്റ്റർ സന്ദേശം നൽകി. ലോകം യുദ്ധഭീതിയിൽ നിന്ന് മുക്തി നേടണമെന്നും ഗൾഫ് രാജ്യങ്ങളിലെ മലയാളി സഹോദരങ്ങളുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാറ്റൂർ സെന്റ് തോമസ് പള്ളിയിൽ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയും സന്ദേശം നൽകി. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് പാഴാക്കരുതെന്നും മനസാക്ഷിക്കനുസരിച്ച് ഫലപ്രദമായി വോട്ട് രേഖപ്പെടുത്തണമെന്നും കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ വിശ്വാസികളെ ഓർമ്മിപ്പിച്ചു. രാജ്യത്ത് വരുന്ന പുതിയ നിയമങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന ആശങ്കകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ നീതി നിഷേധത്തിനെതിരെ ശബ്ദമുയർത്തി. ഹൈക്കോടതി വിധി ഉണ്ടായിട്ടും പൂർവികരുടെ കല്ലറകളിൽ പ്രാർത്ഥിക്കാൻ സാധിക്കാത്തത് വലിയ വിവേചനമാണെന്ന് നെല്ലിമോളം സെന്റ് മേരീസ് പള്ളിയിൽ അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ലിയോ പതിനാലാമൻ തന്റെ ആദ്യ ഈസ്റ്റർ സന്ദേശം നൽകി. വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കി ലോകത്ത് സമാധാനം പുലരാൻ ഈസ്റ്റർ പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധവും അനീതിയും ജനങ്ങളുടെ ഒറ്റപ്പെടലും ഇന്നും അവസാനിക്കാത്ത ശവകുടീരങ്ങളാണെന്നും അവയ്ക്ക് മുന്നിൽ സ്തംഭിച്ചു നിൽക്കരുതെന്നും മാർപ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.