പശ്ചിമേഷ്യയില്‍ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അടിത്തറയിളക്കുന്ന 10 ഉപാധികള്‍; ഇറാന്‍റെ കടുത്ത നിലപാടില്‍ മുട്ടുമടക്കിയോ ട്രംപ്?
തെഹ്റാൻ: പശ്ചിമേഷ്യയിലെ സൈനിക രാഷ്ട്രീയ സാഹചര്യങ്ങളെ അടിമുടി മാറ്റുന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച ’10 ഇന ഉപാധികള്‍’ അംഗീകരിക്കാൻ ശത്രുരാജ്യങ്ങൾ നിർബന്ധിതരായെന്നും, ഇതൊരു ചരിത്രപരമായ വിജയമാണെന്നും ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ഈ പത്ത് നിബന്ധനകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കൻ സ്വാധീനം പൂർണ്ണമായും തുടച്ചുനീക്കാനും ഇസ്രയേലിന്റെ സൈനിക നീക്കങ്ങളെ തളയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഉപാധികൾ. മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുക എന്നതാണ് ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. ഇതിനുപുറമെ, ഇറാനുമായുള്ള ആണവ കരാറിലേക്ക് അമേരിക്ക ഉപാധികളില്ലാതെ തിരിച്ചുവരണമെന്നും, ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സാമ്പത്തിക-സൈനിക ഉപരോധങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
ഇറാൻ മുന്നോട്ടു വെച്ച പ്രധാന പത്ത് ഉപാധികൾ ഇവയാണ്:
- ഹോർമൂസിന് മേൽ ഇറാൻ്റെ സാമ്പത്തിക നിയന്ത്രണം ഉണ്ടാകും
- മേഖലയിൽ ഇറാന് ഭൗമരാഷ്ട്രീയ നിലനിൽപിന് ഹോർമൂസ് ഉപയോഗപ്പെടുത്താൻ അനുവദിക്കണം
- ഇറാന്റെ പരമാധികാരത്തെയും പ്രാദേശിക സുരക്ഷിതത്വത്തെയും അമേരിക്ക ഔദ്യോഗികമായി അംഗീകരിക്കണം
- ഇറാൻ്റെ മുഴുവൻ കക്ഷികൾക്ക് നേരെയുള്ള ആക്രമണം നിർത്തണം. ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്ക് അമേരിക്ക നൽകുന്ന പിന്തുണ അവസാനിപ്പിക്കണം.
- ചെങ്കടലിലെയും ഗൾഫ് മേഖലയിലെയും യുഎസ് സാന്നിധ്യം പിൻവലിക്കണം
- ഇറാന് സമ്പൂർണ നഷ്ടപരിഹാരം നൽകണം
- ഇറാനിൽ നിന്ന് പിടിച്ചെടുത്തതും വിദേശത്ത് മരവിപ്പിച്ചതുമായ ആസ്തികളും സ്വത്തുക്കളും തിരികെ നൽകണം.
- ഉപരോധം നീക്കുന്നത് യു.എൻ വഴി ഔദ്യോഗിക കരാറാക്കണം
- അന്താരാഷ്ട്ര വ്യാപാരങ്ങളിൽ ഡോളറിന് പകരം ഇറാന്റെ കറൻസി ഉപയോഗിക്കുന്നതിന് തടസ്സങ്ങൾ നീക്കണം
- പ്രാദേശിക സുരക്ഷാ കാര്യങ്ങളിൽ ഇറാന്റെ നേതൃത്വം അമേരിക്ക അംഗീകരിക്കണം. സെക്യൂരിറ്റി കൗൺസിൽ വഴി ഇതെല്ലാം നിയപരമായി കരാറാക്കണം
ഈ കടുത്ത നിബന്ധനകൾക്ക് മുന്നിൽ ട്രംപ് ഭരണകൂടം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നു എന്നാണ് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ മിസൈൽ പ്രഹരശേഷിയും മേഖലയിലെ സ്വാധീനവും തിരിച്ചറിഞ്ഞ അമേരിക്ക, ഒരു നേരിട്ടുള്ള യുദ്ധം ഒഴിവാക്കാൻ ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാമെന്ന് സമ്മതിച്ചതായാണ് വിവരം. ഇത് ഇസ്രയേലിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക ഇറാന്റെ ഉപാധികൾക്ക് മുന്നിൽ വഴങ്ങുന്നത് പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ ഒറ്റപ്പെടലിന് കാരണമാകുമെന്ന് നെതന്യാഹു സർക്കാർ ഭയപ്പെടുന്നു. ശത്രുവിനെ തങ്ങളുടെ നിബന്ധനകൾ അംഗീകരിപ്പിക്കാൻ നിർബന്ധിതമാക്കിയത് ഇറാന്റെ സൈനിക കരുത്തിന്റെയും നയതന്ത്ര മികവിന്റെയും വിജയമാണെന്ന് തെഹ്റാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പശ്ചിമേഷ്യൻ അജണ്ടകളുടെ അടിത്തറയിളക്കുന്ന ഈ നീക്കം ട്രംപ് ഭരണകൂടത്തിന് വലിയൊരു രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ ഈ 10 ഇന പദ്ധതികൾ നടപ്പിലാക്കപ്പെടുന്നത് ആഗോള രാഷ്ട്രീയത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്.