‘യുദ്ധം കഴിയുന്നതോടെ ഇറാൻ സൂപ്പർ പവറാവും’; വിലയിരുത്തലുമായി ഫിനാൻഷ്യൽ ടൈംസും റോയിട്ടേഴ്‌സും
തെഹ്‌റാൻ: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ പ്രധാന രാഷ്ട്രീയ നേതാക്കളെ വധിച്ചാൽ രാജ്യം തകരുമെന്ന വ്യാമോഹമായിരുന്നു. ട്രംപിന്റെ പല നയങ്ങളും അമേരിക്കയ്‌ക്കെതിരെ മറ്റ് രാജ്യങ്ങൾക്ക് പുതിയ നീക്കങ്ങൾ കണ്ടെത്താനുള്ള അവസരമാണ് നൽകുന്നത്. ചൈനയുമായുള്ള വ്യാപാര യുദ്ധം ഉണ്ടായപ്പോൾ നിർണായക ധാതുക്കളുടെ വിതരണം തടഞ്ഞുകൊണ്ട് ബീജിംഗ് അമേരിക്കയെ പ്രതിരോധത്തിലാക്കിയതിന് സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഇറാനുമായുള്ള യുദ്ധത്തിലും സംഭവിക്കുന്നത്. ഹോർമുസ് കടലിടുക്ക് തടഞ്ഞുകൊണ്ട് ലോകത്തിന്റെ എണ്ണനീക്കം നിയന്ത്രിക്കാൻ കഴിയുമെന്ന് ഇറാൻ തെളിയിച്ചു കഴിഞ്ഞു.
ഈ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇറാന്റെ പരമോന്നത നേതാവും നിരവധി മുതിർന്ന ഉപദേശകരും കൊല്ലപ്പെടുകയും അവിടുത്തെ കമാൻഡ് സെന്ററുകളും മിസൈൽ ലോഞ്ചറുകളും തകർക്കപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുകയും വിലക്കയറ്റം അതിരൂക്ഷമാവുകയും ചെയ്തിട്ടുണ്ടെങ്കിലും രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രയ്ക്ക് ഓരോ കപ്പലിൽ നിന്നും ഏകദേശം 20 ലക്ഷം ഡോളർ വീതം ‘സംരക്ഷണ ഫീസ്’ വാങ്ങാനുള്ള ഇറാന്റെ തീരുമാനം ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. സാധാരണ ഗതിയിൽ ദിവസം 140 കപ്പലുകൾ കടന്നുപോകുന്ന ഈ പാതയിൽ ഇത്തരമൊരു നികുതി പിരിവ് നടപ്പിലാക്കിയാൽ മാസം ശതകോടിക്കണക്കിന് ഡോളർ ഇറാൻ ഭരണകൂടത്തിന് വരുമാനമായി ലഭിക്കും. ഇതോടെ യുദ്ധം കഴിഞ്ഞാൽ ഇറാൻ ഒരു ‘സൂപ്പർ പവറാകുമെന്ന്’ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സും ഫൈനാഷ്യൽ ടൈസും റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇറാന്റെ ഈ നീക്കത്തെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചെങ്കിലും സൈനിക നീക്കത്തിലൂടെ മാത്രം ഈ പ്രശ്‌നം പരിഹരിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇറാന്റെ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയും തീരപ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം നാവികസേനയുടെ അകമ്പടിയോടെ പോലും കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കില്ല. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നുണ്ടെങ്കിലും അത് കടലിടുക്കിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകില്ലെന്നാണ് സൈനിക വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ഇതോടെ ഇറാനുമായി ഒരു ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറെടുക്കുക എന്നതല്ലാതെ ട്രംപിന് മുന്നിൽ മറ്റു വഴികളില്ലാതാവുകയാണ്. എന്നാൽ ഇറാന്റെ ചർച്ചാരീതി വളരെ വിചിത്രമാണെന്ന് ട്രംപ് തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. കടലിടുക്കിന്റെ നിയന്ത്രണം സംയുക്തമായി നടത്താമെന്ന ട്രംപിന്റെ നിർദ്ദേശത്തോട് ഇറാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ഈ സാഹചര്യം സൗദി അറേബ്യയെയും യുഎഇയെയും പോലുള്ള അയൽരാജ്യങ്ങളെ വലിയ ഭീതിയിലാക്കുന്നുണ്ട്. ഇറാനെതിരെയുള്ള യുദ്ധത്തിൽ പങ്കുചേർന്നാൽ തങ്ങളുടെ എണ്ണപ്പാടങ്ങളും കുടിവെള്ള പ്ലാന്റുകളും ആക്രമിക്കപ്പെടുമെന്നും അത് സമ്പദ്‌വ്യവസ്ഥയെ ദശകങ്ങൾ പിന്നോട്ടടിക്കുമെന്നും അവർ ഭയപ്പെടുന്നു. അതിനാൽ ഇറാനുമായുള്ള ഏറ്റുമുട്ടലിനേക്കാൾ നല്ലത് അവർക്ക് പണം നൽകി ഒത്തുതീർപ്പിലെത്തുന്നതാണെന്ന് ഈ രാജ്യങ്ങൾ ചിന്തിച്ചേക്കനും സാധ്യതയുണ്ട്. ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരും ഇതേ പാത പിന്തുടരാൻ സാധ്യതയുണ്ട്. ഇറാനെ തകർക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ഈ യുദ്ധം അമേരിക്കയുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് വളരുകയും ഇറാനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ശക്തിയായി മാറ്റുകയും ചെയ്‌തേക്കാം. റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇറാൻ ഇത്തരത്തിൽ കരുത്താർജ്ജിക്കുന്നത് ലോക പോലീസ് ചമയുന്ന രാജ്യങ്ങൾക്കും
സാമ്പത്തിക മേഖലയ്ക്കും ഭീഷണിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.