ലബനാനിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഒരു കുടുംബത്തിലെ മുഴുവൻ പേരടക്കം 14 പേർ കൊല്ലപ്പെട്ടു
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ലബനീസ് കുടുംബം
ബെയ്റൂത്ത്: വെടിനിർത്തൽ കരാർ നിലനിൽക്കെ തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ബുർജ് ഖലാവിയ ഗ്രാമത്തിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ എല്ലാ അംഗങ്ങളും കൊല്ലപ്പെട്ടത് വലിയ നടുക്കമായി. ലബനാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പ്രകാരം ആക്രമണങ്ങളിൽ 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേലും ഹിസ്ബുള്ളയും പരസ്പരം ആരോപിച്ചു. തെക്കൻ ലബനാനിലെ ജനങ്ങളോട് പ്രദേശം ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇതേത്തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തത്. ഏറ്റുമുട്ടലിൽ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായും ആറ് പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ പ്രകോപനം വെടിനിർത്തലിനെ ദുർബലപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു.
ഫെബ്രുവരിയിൽ ഇറാൻ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ മാർച്ച് 2-നാണ് ലബനാനിലേക്ക് യുദ്ധം വ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിലൂടെ ഏപ്രിൽ 17-ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ, കഴിഞ്ഞ ദിവസമാണ് മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയത്. എന്നാൽ സ്വയം പ്രതിരോധത്തിനായി ആക്രമണം നടത്താനുള്ള സ്വാതന്ത്ര്യം കരാറിലുണ്ടെന്ന് ഇസ്രയേൽ വാദിക്കുന്നു. മാർച്ച് 2 മുതൽ ലബനാനിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 2,509 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.