11/06/2026
[fontresizer_tawhidurrahmandear_widget]

വിവാഹവാഗ്ദാനവും വ്യാജ ബിസിനസും; സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടത്തിയ ദമ്പതിമാർ പിടിയിൽ

 വിവാഹവാഗ്ദാനവും വ്യാജ ബിസിനസും; സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടത്തിയ ദമ്പതിമാർ പിടിയിൽ

ഓയൂർ (കൊല്ലം): ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് പങ്കാളിത്തവും ഓസ്‌ട്രേലിയയിൽ പൗരത്വവും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ദമ്പതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര സ്വദേശി ബിജു ബാലൻ (55), ഭാര്യ രശ്മി ബിജു (44) എന്നിവരാണ് എറണാകുളം മരടിലെ ഒളിസങ്കേതത്തിൽ നിന്ന് പിടിയിലായത്. പത്തോളം ജില്ലകളിലായി പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇവർ നടത്തിയതായാണ് പ്രാഥമിക വിവരം.

വിദേശ രാജ്യങ്ങളിൽ വ്യാജ കമ്പനികൾ രൂപിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടിയ ശേഷം അവ മറിച്ചുവിറ്റ് മുങ്ങുന്നതാണ് ഇവരുടെ പ്രധാന രീതി. ഇതിനുപുറമെ, അവിവാഹിതരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീയുടെ വസ്തു വിറ്റുകിട്ടിയ 85 ലക്ഷം രൂപയും മറ്റൊരു സ്ത്രീയിൽ നിന്ന് 15 ലക്ഷം രൂപയും ഇത്തരത്തിൽ കൈക്കലാക്കി. ഖത്തർ ലോകകപ്പ് സമയത്ത് മെസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് കായംകുളം സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായും ഇവർക്കെതിരെ കേസുണ്ട്.

ഓയൂർ സ്വദേശി ബിജുവിൽ നിന്ന് ഓസ്‌ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്ത് പത്തരലക്ഷം രൂപ തട്ടിയ കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് പ്രതികൾ കുടുങ്ങിയത്. ചവറ, കണ്ണൂർ പഴയങ്ങാടി, എറണാകുളം എന്നിവിടങ്ങളിലും ഇവർക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. തട്ടിപ്പ് പുറത്തറിയുമെന്ന് കണ്ടാൽ ആയുധങ്ങൾ ഉപയോഗിച്ച് സ്വയം മുറിവേൽപ്പിക്കുകയും പരാതിക്കാർക്കെതിരെ പോലീസിൽ കള്ളക്കേസ് നൽകുകയും ചെയ്യുന്നത് ഇവരുടെ പതിവാണെന്ന് ഇരകൾ പറയുന്നു. പ്രതികൾ പിടിയിലായ വിവരമറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി പോലീസിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also read: