12/06/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ ഇനി ചൂട് പൊറോട്ട കിട്ടൂ? കേരളത്തിലെ ഹോട്ടലുകൾ പ്രതിസന്ധിയിൽ

 ബംഗാളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ ഇനി ചൂട് പൊറോട്ട കിട്ടൂ? കേരളത്തിലെ ഹോട്ടലുകൾ പ്രതിസന്ധിയിൽ

മലപ്പുറം: ജില്ലയിലെ ഹോട്ടലുകളിൽ പൊറോട്ട ലഭ്യത കുറയുന്നു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് കേരളത്തിലെ വിവിധ ജില്ലകളിലെ ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും പൊറോട്ട അടിക്കുന്ന ജോലി ചെയ്തിരുന്നത് ബംഗാൾ സ്വദേശികളായിരുന്നു. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം നേരത്തെ തന്നെ ഹോട്ടൽ മേഖലയെ ബാധിച്ചിരുന്നു, ഇതിന് പിന്നാലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കൂടി വന്നതോടെ ഹോട്ടലുകൾ ഇരട്ടപ്രഹരത്തിലാണ്. മലപ്പുറം ജില്ലയിൽ മാത്രമല്ല കേരളമൊന്നടങ്കം ഇപ്പോൾ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് ജില്ലയിലെ ഹോട്ടൽ മേഖലയിൽ ഭൂരിഭാഗവും. അസം സ്വദേശികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാൽ, മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ പോകാതിരുന്നവർ പോലും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ പോയിരിക്കുകയാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. അസമിൽ ഈ മാസം 9-ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവിടെ നിന്നുള്ള തൊഴിലാളികൾ ഭാഗികമായി തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ബംഗാളിൽ ഒന്നാം ഘട്ടം കഴിഞ്ഞതേയുള്ളൂ. രണ്ടാം ഘട്ടം ഏപ്രിൽ 29-നാണ് നടക്കുന്നത്.

അടുത്ത മാസം ആദ്യത്തോടെ ഒരു വിഭാഗം തൊഴിലാളികൾ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുസ്സമദ് പറഞ്ഞു. എങ്കിലും, നാട്ടിൽ പോയവരിൽ പലരും ബലിപെരുന്നാൾ കൂടി കഴിഞ്ഞേ മടങ്ങിയെത്താൻ സാധ്യതയുള്ളൂ. അതിനാൽ ഹോട്ടൽ മേഖല പൂർണ്ണമായി പഴയ നിലയിലാകാൻ പെരുന്നാൾ കഴിയേണ്ടി വരും. തൊഴിലാളികളുടെ കുറവ് കാരണം പല ഹോട്ടലുകളും തങ്ങളുടെ പ്രവർത്തന സമയം കുറച്ചിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ വൈകുന്നേരം മാത്രമായാണ് തുറക്കുന്നത്. വിഭവങ്ങളുടെ എണ്ണത്തിലും ഹോട്ടലുകൾ വലിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Also read: