01/04/2026
[fontresizer_tawhidurrahmandear_widget]

12 ടൺ ചോക്ലേറ്റാണ് കൊള്ളയടിച്ചത്, ഇത് തമാശയല്ല; കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി കിറ്റ്കാറ്റ്

 12 ടൺ ചോക്ലേറ്റാണ് കൊള്ളയടിച്ചത്, ഇത് തമാശയല്ല; കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി കിറ്റ്കാറ്റ്

റോം: 12 ടണ്ണോളം ചോക്ലേറ്റ് ബാറുകൾ മോഷണം പോയ സംഭവത്തെ മറ്റു കമ്പനികൾ മാർക്കറ്റിങ്ങിനു വേണ്ടി ഉപയോഗിച്ചതിൽ പ്രതികരിച്ച് കിറ്റ്കാറ്റ്. ഇത് ഒരു ഏപ്രിൽ ഫൂൾ തമാശയല്ല, 12 ടൺ ചോക്ലേറ്റാണ് കൊള്ളയടിച്ചത്, കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായാണ് കിറ്റ്കാറ്റ് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം യമഹ മോട്ടോർസ് തങ്ങളുടെ ഒരു സ്‌കൂട്ടിയുടെ ഡിക്കി നിറയെ കിറ്റ്കാറ്റ് ചോക്ലേറ്റ് നിറച്ച് ‘ഒരു ഇടവേള എടുക്കുകയാണെന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരുന്നു. പെൻഗ്വിൻ പബ്ലിക്കേഷൻസ് ഈ മോഷണത്തെ ഒരു ക്രൈം നോവലായി ഏപ്രിൽ 1ന് പബ്ലിഷ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കിറ്റ്കാറ്റിന്റെ പുതിയ പോസ്റ്റിനു താഴെയും യെമഹ തങ്ങളുടെ ലാസ്റ്റ് പോസ്റ്റ് നോക്കരുതെന്ന കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനു പുറമെ അജ്മി ഫുഡ്‌സും ലുലു ഹൈപ്പർമാർക്കറ്റും ഈ സംഭവത്തെ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചിരുന്നു. ഈ ഒരു വാർത്തയെ ആളുകൾ ഗൗരവത്തോടെ കാണാതിരിക്കുകയും നഷ്ടപ്പെട്ട ചോക്ലേറ്റ് കണ്ടെത്താൻ കഴിയില്ലെന്ന ആശങ്കയാവാം ഈ രൂപത്തിൽ ഒരു പോസ്റ്റിടാൻ കിറ്റ്കാറ്റിനെ പ്രേരിപ്പിച്ചത്.

ഈസ്റ്റിനു മുന്നോടിയായി ഇറ്റലിയിലെ നെസ്‌ലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന 12 ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് യാത്രാമധ്യേ മോഷണം പോയത്. ഫോർമുല വൺ റേസിംഗുമായി ബന്ധപ്പെട്ട പ്രത്യേക പതിപ്പായ ഏകദേശം നാല് ലക്ഷത്തിലധികം ചോക്ലേറ്റ് ബാറുകളാണ് ട്രക്ക് സഹിതം കാണാതായത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പ് നടന്ന ഈ സംഭവം വിപണിയിൽ ചോക്ലേറ്റ് ക്ഷാമം ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും, പ്രശ്‌നങ്ങളില്ലെന്നും വിതരണം തടസ്സപ്പെടില്ലെന്നും നെസ്‌ലെ അറിയിച്ചു.

കിറ്റ്കാറ്റിന്റെ ‘ഹാവ് എ ബ്രേക്ക്’ എന്ന പരസ്യവാചകം കള്ളന്മാർ അല്പം ഗൗരവമായി എടുത്തുപോയി എന്ന രീതിയിലുള്ള രസകരമായ മറുപടിയായിരുന്നു ആദ്യത്തിൽ കമ്പനി നൽകിയത്. കള്ളന്മാർക്ക് നല്ല രുചിയാണുള്ളതെന്ന് തമാശയായി പറഞ്ഞ അവർ, ഒപ്പം തന്നെ മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകൾ തിരിച്ചറിയാൻ പാക്കറ്റിലെ ബാച്ച് കോഡുകൾ പരിശോധിക്കണമെന്ന് ജനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ തമാശ കലർന്ന പ്രതികരണം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായിരുന്നു.

Also read: