ഇൻഷുറൻസ് തട്ടാൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
അരീക്കോട്: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 12 വർഷത്തിന് ശേഷം പിടിയിലായി. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് കൊണ്ടോട്ടി ഡാൻസാഫ് സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2013 ജൂലൈ 21-നായിരുന്നു കേരളത്തെ നടുക്കിയ ഈ കൂട്ടക്കൊല നടന്നത്.
ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെയാണ് ഷരീഫ് ആസൂത്രിതമായി കൊലപ്പെടുത്തിയത്. കോഴിക്കോട്ടുനിന്ന് വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മറിച്ചിട്ടായിരുന്നു കൃത്യം നടത്തിയത്. അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, സാബിറയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് സാബിറയുടെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ പ്രതിയെ വലയിലാക്കിയത്.