12/06/2026
[fontresizer_tawhidurrahmandear_widget]

ആ ഹൃദയമിടിപ്പ് നിലച്ചു; 10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു

 ആ ഹൃദയമിടിപ്പ് നിലച്ചു; 10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു

തൃശൂർ: കേരളത്തിന്റെ ആരോഗ്യചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്ത് വർഷം മുമ്പ് എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. ചാലക്കുടി പരിയാരം സ്വദേശിയായ മാത്യു, സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറായിരുന്നു.

2015 ജൂലൈ 24-നായിരുന്നു മാത്യു അച്ചാടന്റെ ജീവിതം മാറ്റിമറിച്ച ആ സുപ്രധാന ശസ്ത്രക്രിയ നടന്നത്. ഹൃദയത്തിന്റെ പമ്പിങ് കുറയുന്ന ‘ഡയലേറ്റഡ് കാർഡിയോ മയോപ്പതി’ എന്ന ഗുരുതര രോഗം ബാധിച്ച മാത്യുവിന് ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. തുടർന്ന്, തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച നീലകണ്ഠ ശർമ്മയുടെ ഹൃദയം നാവികസേനയുടെ ഹെലികോപ്റ്ററിൽ എറണാകുളത്ത് എത്തിച്ചാണ് ചരിത്രപരമായ ആ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

എറണാകുളം ലിസി ആശുപത്രിയിൽ പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. എയർ ആംബുലൻസ് സംവിധാനം പ്രയോജനപ്പെടുത്തി കേരളത്തിൽ ആദ്യമായി നടത്തിയ വിജയകരമായ ഈ ദൗത്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ പത്ത് വർഷമായി കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ അദ്ദേഹം ജീവിതം നയിച്ചു വരികയായിരുന്നു. കേരളത്തിന്റെ അവയവദാന രംഗത്തെ വലിയൊരു മാതൃകയായാണ് മാത്യു അച്ചാടന്റെ ജീവിതം അടയാളപ്പെടുത്തുന്നത്.

Also read: