എം.ബി.ബി.എസ് വിദ്യാർഥികളോട് അഞ്ചാംവർഷം ഫീസ് വാങ്ങരുത്; ദേശീയ മെഡിക്കൽ കമ്മിഷൻ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ്. കോഴ്സിന് അഞ്ചാംവർഷം ഫീസ് വാങ്ങരുതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടങ്ങൾപ്രകാരം നാലരവർഷം (54 മാസം) ആണ് കോഴ്സ് കാലാവധി. അതിനുശേഷം ഒരുവർഷം സ്റ്റൈപ്പെൻഡോടെ നിർബന്ധിത ഇന്റേൺഷിപ്പുമുണ്ട്.
രാജ്യത്തെ പല കോളേജുകളും അഞ്ചാം വർഷവും ഫീസ് വാങ്ങുന്നെന്നും നിശ്ചിത സ്റ്റൈപ്പെൻഡ് നൽകുന്നില്ലെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കമ്മിഷൻ നിർദേശം ആരോഗ്യസെക്രട്ടറിക്കും സംസ്ഥാന മെഡിക്കൽ കമ്മിഷൻ രജിസ്ട്രാർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.
അതേസമയം, കമ്മിഷന്റെ നിർദേശം സംസ്ഥാനത്ത് ബാധകമല്ലെന്ന വാദമാണ് മാനേജ്മെന്റുകൾ ഉയർത്തുന്നത്. അഞ്ചുവർഷത്തേക്കുള്ള ഫീസാണ്, ഫീസ് നിർണയ സമിതി നിശ്ചയിച്ചുനൽകുന്നതെന്ന് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ വള്ളിൽ പറഞ്ഞു.
ഫീസ് ഘടന സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.നിലവിൽ സ്വാശ്രയ കോളേജുകളുടെ വരവുചെലവ് കണക്കുകളുംമറ്റും പരിശോധിച്ച് ഫീസ് നിർണയസമിതിയാണ് ഓരോ വർഷവും ഫീസ് നിർണയിക്കുന്നത്. ഇത് സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെയാണ് ഫീസ് ഘടന നിലവിൽവരുന്നത്.