മൊബൈൽ പൊട്ടിത്തെറിക്കുമെന്ന പ്രചാരണം വ്യാജം: അതിശക്തമായ ചൂടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 °C മുതൽ 55 °C വരെ ഉയർന്നേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. സിവിൽ ഡിഫൻസ് വകുപ്പിന്റെ പേരിലാണ് ഇത്തരം സന്ദേശങ്ങൾ പടരുന്നത്. എന്നാൽ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന പേരിൽ പ്രത്യേക വകുപ്പില്ലെന്നും അത് അഗ്നിരക്ഷാസേനയ്ക്ക് കീഴിലുള്ള ഒരു സന്നദ്ധ സേന മാത്രമാണെന്നും അതോറിറ്റി അറിയിച്ചു.
ചൂട് കൂടുന്നതിനാൽ മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും വാഹനങ്ങളിൽ ഇന്ധനം പൂർണമായി നിറയ്ക്കരുതെന്നുമുള്ള നിർദേശങ്ങൾ തികച്ചും വ്യാജമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇത്തരത്തിലുള്ള യാതൊരു പ്രവചനവും നടത്തിയിട്ടില്ല. ജനങ്ങളിൽ ഭീതി പടർത്തുന്ന രീതിയിൽ വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005, സെക്ഷൻ 54 പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കും. ഔദ്യോഗികമായ കാലാവസ്ഥാ അറിയിപ്പുകൾക്കായി പൊതുജനങ്ങൾ കെഎസ്ഡിഎംഎ വെബ്സൈറ്റ് മാത്രം ആശ്രയിക്കേണ്ടതാണ്.
അതേസമയം, സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അൾട്രാവയലറ്റ് (UV) രശ്മികൾ ശക്തമായ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, ചർമ്മരോഗമുള്ളവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ ജാഗ്രത കാട്ടണം. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.