സായുധ സംഘങ്ങൾ മുറിവ് കെട്ടുന്നു; സാനിറ്ററി പാഡുകൾ നിരോധിച്ച് മ്യാന്മർ സൈനിക ഭരണകൂടം, വിവരക്കേടെന്ന് ആരോഗ്യ വിദഗ്ദർ
യാങ്കൂൺ: മ്യാൻമറിലെ സൈനിക ഭരണകൂടം സാനിറ്ററി പാഡുകൾ ഉൾപ്പെടെയുള്ള ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. തങ്ങൾക്കെതിരെ പോരാടുന്ന സായുധ സംഘങ്ങൾ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകാൻ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നു എന്ന വിചിത്രമായ വാദം ഉന്നയിച്ചാണ് സൈന്യത്തിന്റെ ഈ നടപടി. ഇതിനോടകം തന്നെ ആഭ്യന്തരയുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായിരിക്കുകയാണ്.
സായുധ സംഘങ്ങൾ തങ്ങളുടെ മുറിവുകളിൽ രക്തം കട്ടപിടിക്കാനും ഷൂസിനുള്ളിലെ ഈർപ്പം വലിച്ചെടുക്കാനും സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് മ്യാൻമർ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, വെടിയേറ്റ മുറിവുകൾ ചികിത്സിക്കാൻ ഇത്തരം ഉൽപ്പന്നങ്ങൾ ഒന്നിനും തികയില്ലെന്നും സൈന്യത്തിന്റെ ഭാഗത്തുള്ള സ്ത്രീവിരുദ്ധതയും വിവരക്കേടുമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ആരോഗ്യവിദഗ്ധർ പ്രതികരിച്ചു. സഗൈങ് പോലുള്ള വിമത മേഖലകളിലേക്കുള്ള പാഡുകളുടെ ഗതാഗതം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. നിരോധനം കടുപ്പിച്ചതോടെ കരിഞ്ചന്തയിൽ സാനിറ്ററി പാഡുകളുടെ വില മൂന്നിരട്ടിയായി വർദ്ധിച്ചു. സാധാരണക്കാരായ സ്ത്രീകൾക്ക് ഒരു ദിവസത്തെ മിനിമം വേതനത്തേക്കാൾ ഉയർന്ന തുക ഇപ്പോൾ ഇതിനായി ചിലവാക്കേണ്ടി വരുന്നു.
അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതിലൂടെ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും രാഷ്ട്രീയ പങ്കാളിത്തത്തെയും തടയാനാണ് സൈന്യം ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പാഡുകൾ ലഭ്യമല്ലാത്തതിനാൽ സ്ത്രീകൾക്ക് തുണികളോ ഇലകളോ പേപ്പറോ ഉപയോഗിക്കേണ്ടി വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള സംഘടനകൾ ഈ വിഷയത്തിൽ ഇടപെടണമെന്നും, ഇത് സ്ത്രീവിരുദ്ധമായ മനുഷ്യാവകാശ ലംഘനമാണെന്നും ‘സിസ്‌റ്റേഴ്‌സ് ടു സിസ്‌റ്റേഴ്‌സ്’ പോലുള്ള വനിതാ കൂട്ടായ്മകൾ ആവശ്യപ്പെട്ടു. സൈനിക നടപടിയിലൂടെ രാജ്യത്തെ ആരോഗ്യസംവിധാനം തകർന്നടിഞ്ഞ സാഹചര്യത്തിൽ, ഈ നിരോധനം സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം കൂടുതൽ നരകതുല്യമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.