നിതിൻ രാജിന്റെ മരണം: അധ്യാപകർ ഒളിവിൽ; അന്വേഷണത്തിന് ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകർ ഒളിവിൽ. ഡോ. റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ സ്വമേധയാ ഇടപെട്ടു. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയും ജില്ലാ പട്ടികജാതി വികസന ഓഫീസറും കോളജിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.
നിതിന്റെ മരണത്തിൽ ലോൺ ആപ്പ് തട്ടിപ്പ് സംഘങ്ങളുടെ പങ്കും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. നിതിൻ എടുത്ത വായ്പയുമായി ബന്ധപ്പെട്ട് അധ്യാപികയുടെ നമ്പറിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പും ഇത്തരത്തിൽ സന്ദേശങ്ങൾ വന്നിരുന്നു. നിതിന്റെ ഫോണിലെ കോൺടാക്റ്റുകൾ ലോൺ ആപ്പുകാർ കൈക്കലാക്കിയതാണോ എന്ന് പരിശോധിച്ചുവരികയാണ്.
അമ്മയുടെ ചികിത്സയ്ക്കായി എടുത്ത വായ്പ വീട്ടുകാരുടെ സഹായത്തോടെ നിതിൻ തിരിച്ചടച്ചു തുടങ്ങിയിരുന്നുവെന്ന് പിതാവ് രാജൻ പറഞ്ഞു. കോളജിൽ മകൻ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു. ലോൺ ആപ്പിന്റെ കാര്യം കോളജ് അധികൃതർ വീട്ടുകാരെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും, ഇല്ലാത്ത കഥകൾ മെനഞ്ഞ് അധികൃതർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കുടുംബം കുറ്റപ്പെടുത്തി.
വിഷയത്തിൽ നീതി ആവശ്യപ്പെട്ട് കെഎസ്യു, എംഎസ്എഫ്, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകൾ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംഘർഷാവസ്ഥയെത്തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോളജ് കവാടത്തിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.