‘അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയോട്, വർഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല’; മഹാരാജാസിന് മുന്നിൽ എസ്എഫ്ഐ ബാനർ
കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയുമായി സിപിഎം ധാരണയുണ്ടാക്കിയെന്ന ആരോപണങ്ങൾക്കിടെ, നിലപാട് വ്യക്തമാക്കി എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ എസ്എഫ്ഐയുടെ പ്രതിഷേധ ബാനർ. ‘അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയോട്, വർഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല’ എന്നെഴുതിയ ബാനറാണ് കോളേജ് കവാടത്തിൽ ഉയർന്നിരിക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ നീക്കങ്ങളെ പരോക്ഷമായി വിമർശിക്കുന്നതാണ് വിദ്യാർത്ഥി സംഘടനയുടെ ഈ നീക്കം. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിച്ചാണ് എസ്എഫ്ഐ വർഗീയതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, വോട്ട് രാഷ്ട്രീയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎമ്മിലെ ആരും പറയുന്നതായി താൻ കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിൽ ആരുടെയും പേര് പ്രത്യേകം രേഖപ്പെടുത്തുന്നില്ലല്ലോ എന്നായിരുന്നു എസ്‌ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി. എസ്‌ഡിപിഐ പിന്തുണ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണം വരുന്നത്. എസ്‌ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ വെല്ലുവിളിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിഷയത്തിൽ സമാനമായ നിലപാടാണ് നേരത്തെ സ്വീകരിച്ചത്. എസ്‌ഡിപിഐ വോട്ട് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അഭിമന്യുവിന്റെ രക്തസാക്ഷിത്വം പാർട്ടി എക്കാലവും ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഈ വോട്ട് വിവാദം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായി മാറുകയാണ്.
പരസ്യപ്രചാരണത്തിന് മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളെല്ലാം കേരളത്തിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ഇന്ന് വിവിധയിടങ്ങളിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ യുഡിഎഫിനായി വോട്ട് തേടി എത്തുമ്പോൾ, എൽഡിഎഫിനായി പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.