12/06/2026
[fontresizer_tawhidurrahmandear_widget]

ആവേശക്കൊടുമുടിയിൽ കുടമാറ്റം: പെരുമ കുറയാതെ പൂരനഗരി

 ആവേശക്കൊടുമുടിയിൽ കുടമാറ്റം: പെരുമ കുറയാതെ പൂരനഗരി

തൃശൂർ: അപകടങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും തൃശൂർ പൂരനഗരിയിൽ ആവേശം വാനോളമുയർന്നു. പൂരത്തിന്റെ മനംകവരുന്ന പ്രധാന ചടങ്ങുകളിലൊന്നായ കുടമാറ്റം വർണ്ണപ്പൊലിമയോടെ പൂർത്തിയായി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഒന്നിനൊന്ന് കിടപിടിക്കുന്ന വൈവിധ്യമാർന്ന കുടകൾ വാനിലേക്കുയർത്തിയപ്പോൾ പൂരപ്രേമികളുടെ കരഘോഷത്താൽ തേക്കിൻകാട് മൈതാനം പ്രകമ്പനം കൊണ്ടു. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി, പ്രതീകാത്മകമായ കതിന പൊട്ടിച്ചുകൊണ്ടാണ് ഇത്തവണ ചടങ്ങുകൾ നടക്കുന്നത്.

പൂരത്തിന്റെ ആവേശം വാനോളമുയർത്തിയ ഇലഞ്ഞിത്തറമേളത്തിന് ശേഷമായിരുന്നു പ്രസിദ്ധമായ തെക്കോട്ടിറക്കവും തുടർന്ന് കുടമാറ്റവും ആരംഭിച്ചത്. പുലർച്ചെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തിയതോടെയാണ് പൂരത്തിന്റെ വരവുകൾക്ക് തുടക്കമായത്. തുടർന്ന് വിവിധ സമയങ്ങളിലായി എട്ട് ഘടകപൂരങ്ങളും പൂരനഗരിയിലേക്ക് എത്തിച്ചേർന്നു. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ താളത്തിനൊപ്പവും പാറമേക്കാവിന്റെ മേളം കേൾക്കാനും പതിനായിരങ്ങളാണ് പൂരനഗരിയിൽ തടിച്ചുകൂടിയത്.

പതിവ് തെറ്റിക്കാതെ 11 മണിക്ക് ശേഷം തിരുവമ്പാടിയുടെ മഠത്തിൽ വരവ് നടന്നു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച ഇലഞ്ഞിത്തറമേളത്തിൽ വാദ്യപ്രേമികൾ ആവേശം പൂണ്ടു. വെടിക്കെട്ട് ഇല്ലാത്തതിന്റെ കുറവ് കുടമാറ്റത്തിലെ പുതുമകളിലൂടെയും മേളപ്പെരുക്കത്തിലൂടെയും നികത്താനായെന്ന സംതൃപ്തിയിലാണ് സംഘാടകർ. നാളെ പകൽപൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.

Also read: