ആഫ്രിക്കൻ തീരത്ത് പടയൊരുക്കം? ചെങ്കടലിലെ ആധിപത്യത്തിനായി തുർക്കിയും ഇസ്രയേലും നേർക്കുനേർ
അങ്കാര: ആഫ്രിക്കൻ തീരത്തെ തന്ത്രപ്രധാന മേഖലയായ ചെങ്കടലിന്റെ നിയന്ത്രണത്തിനായി തുർക്കിയും ഇസ്രയേലും തമ്മിലുള്ള മത്സരം മുറുകുന്നതായി റിപ്പോർട്ടുകൾ. സോമാലിയയും അവിടുത്തെ സ്വയംഭരണ പ്രദേശമായ സോമാലിലാന്റും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ തർക്കങ്ങളെ മറയാക്കിയാണ് ഈ രണ്ട് ശക്തികളും മേഖലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ കരുനീക്കുന്നത്. സോമാലിയൻ സർക്കാരുമായി പത്തു വർഷത്തെ പ്രതിരോധ-സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവെച്ചതോടെ തുർക്കി മേഖലയിൽ വലിയ മേൽക്കൈ നേടിയിരിക്കുകയാണ്.
ഈ കരാർ പ്രകാരം സോമാലിയയുടെ വിശാലമായ സമുദ്രതീരത്തിന്റെ സുരക്ഷാചുമതല തുർക്കി സൈന്യത്തിനായിരിക്കും. ഇതിനു പകരമായി സോമാലിയയുടെ സമുദ്ര വിഭവങ്ങളിൽ നിന്നും എണ്ണ നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം തുർക്കിക്ക് ലഭിക്കും. സോമാലിയൻ നാവികസേനയെ പരിശീലിപ്പിക്കാനും ആധുനികവൽക്കരിക്കാനുമുള്ള പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തതിലൂടെ ആഫ്രിക്കൻ മുനമ്പിലെ ഏറ്റവും വലിയ വിദേശ സൈനിക ശക്തിയായി തുർക്കി മാറിക്കഴിഞ്ഞു.
അതേസമയം, സോമാലിയയിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന സോമാലിലാന്റുമായി ചേർന്ന് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. സോമാലിലാന്റിലെ ബെർബെറ തുറമുഖം ഉപയോഗിക്കുന്നതിനായി എത്യോപ്യയുമായി ഉണ്ടാക്കിയ കരാർ സോമാലിയയെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. എത്യോപ്യക്ക് കടലിലേക്ക് പ്രവേശനം നൽകുന്ന ഈ നീക്കത്തിന് പിന്നിൽ ഇസ്രയേലിന്റെ രഹസ്യ പിന്തുണയുണ്ടെന്നാണ് സോമാലിയ വിശ്വസിക്കുന്നത്.
ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുക എന്നത് നിലനിൽപ്പിന്റെ പ്രശ്നമാണ്. യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഇസ്രയേലിന്റെ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനും ഹൂതികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സോമാലിലാന്റിലെ തന്ത്രപ്രധാനമായ തീരങ്ങളിൽ സ്വാധീനം ഉറപ്പിക്കേണ്ടത് ഇസ്രയേലിന്റെ സൈനിക ആവശ്യമാണ്. എന്നാൽ തുർക്കി സോമാലിയൻ തീരത്ത് സൈനിക താവളങ്ങൾ നിർമ്മിക്കുന്നതും സമുദ്ര നിരീക്ഷണം ശക്തമാക്കുന്നതും ഇസ്രയേലിന്റെ നീക്കങ്ങൾക്ക് വലിയ തടസ്സമാകുന്നു.
മേഖലയിലെ ഈ ശക്തിപ്രകടനം കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തർക്കമല്ല, മറിച്ച് ചെങ്കടലിലെ എണ്ണ വ്യാപാര പാതകളുടെയും ഭാവിയിലെ സാമ്പത്തിക ഇടനാഴികളുടെയും നിയന്ത്രണം ആര് കൈക്കലാക്കും എന്നതിന്റെ പോരാട്ടമാണ്. ഈജിപ്ത് മുതൽ സൗദി അറേബ്യ വരെയുള്ള രാജ്യങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ തുർക്കിയുടെയും ഇസ്രയേലിന്റെയും കടന്നുകയറ്റം പുതിയൊരു ശീതയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്.
സോമാലിയൻ തീരത്തെ വിഭവശേഷി ചൂഷണം ചെയ്യാനുള്ള തുർക്കിയുടെ നീക്കവും, സോമാലിലാന്റിനെ ഉപയോഗിച്ച് മേഖലയിൽ സൈനിക താവളം ഉറപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമവും ആഫ്രിക്കൻ രാജ്യങ്ങൾക്കിടയിൽ വലിയ ചേരിതിരിവുകൾക്ക് കാരണമായിട്ടുണ്ട്. വികസ്വര രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ആഗോള ശക്തികൾ ഇടപെടുന്നത് അവിടുത്തെ സമാധാനാന്തരീക്ഷം തകർക്കുമെന്നും, ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ചെങ്കടൽ ഒരു യുദ്ധഭൂമിയായി മാറാൻ ഇത് ഇടയാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.