രണ്ടു പൈലറ്റുമാരെ രക്ഷിക്കാൻ അമേരിക്കക്ക് ‘പൊട്ടിയത്’ 16,000 കോടി: ‘ഓപറേഷൻ എപിക് റെസ്ക്യൂ’ സൈനിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രക്ഷാദൗത്യം
തെഹ്റാൻ: ഇറാൻ മണ്ണിൽ തകർന്നുവീണ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്താൻ അമേരിക്ക നടത്തിയ അതീവ സാഹസികമായ സൈനിക നീക്കത്തിന് ഉണ്ടായ ചെലവ് കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ‘ഓപ്പറേഷൻ എപിക് റെസ്ക്യൂ’ എന്ന് പേരിട്ട ഈ ദൗത്യത്തിന് ഏകദേശം 200 കോടി ഡോളറിലധികം (ഏകദേശം 16,000 കോടി രൂപയിലേറെ) ചെലവ് വന്നതായാണ് പ്രതിരോധ മേഖലയിലെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശത്രുരാജ്യത്തിന്റെ ഉള്ളിൽ കുടുങ്ങിയ പൈലറ്റിനെ ജീവനോടെ പുറത്തെത്തിക്കാൻ അമേരിക്ക നടത്തിയ ഈ നീക്കം സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ദൗത്യങ്ങളിലൊന്നായി മാറി. ഇറാന്റെ മിസൈൽ പ്രതിരോധം ഭേദിച്ചുള്ള നീക്കത്തിനിടെയാണ് അമേരിക്കയുടെ അഭിമാനമായ എഫ്-15ഇ വിമാനം തകർന്നത്. ഇതിലെ പൈലറ്റിനെ രക്ഷിക്കാൻ അയച്ച ഹെലികോപ്റ്ററുകളും മറ്റ് വിമാനങ്ങളും ഇറാൻ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയാവുകയോ സാങ്കേതിക തകരാറുകൾ മൂലം തകരുകയോ ചെയ്തതാണ് സാമ്പത്തിക നഷ്ടത്തിന്റെ ആക്കം കൂട്ടിയത്.
ഒരു പൈലറ്റിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നടത്തിയ ഈ ദൗത്യത്തിൽ തകർന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും മൂല്യം മാത്രം കണക്കാക്കുമ്പോൾ തന്നെ വൻ തുകയാണ് വരുന്നത്. ദൗത്യത്തിൽ പങ്കെടുത്ത എച്ച്സി-130 വിമാനവും രണ്ട് സൈനിക ഹെലികോപ്റ്ററുകളും അമേരിക്കയ്ക്ക് നഷ്ടമായി. തകർന്നുവീണ വിമാനങ്ങളിലെയും ഹെലികോപ്റ്ററുകളിലെയും അതീവ രഹസ്യമായ സാങ്കേതികവിദ്യകൾ ഇറാന് ചോർന്നു കിട്ടാതിരിക്കാൻ അമേരിക്ക തന്നെ സ്വന്തം വിമാനങ്ങൾ ബോംബിട്ട് നശിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. തകർന്ന വിമാനത്തിന്റെ വില മാത്രം ഏകദേശം 500 ദശലക്ഷം ഡോളറോളം വരും.
പൈലറ്റിനെ കണ്ടെത്താൻ നടത്തിയ തിരച്ചിൽ, ഇന്ധന ചെലവ്, ദൗത്യത്തിൽ പങ്കെടുത്ത പ്രത്യേക സൈനിക വിഭാഗത്തിന്റെ ചെലവുകൾ എന്നിവയെല്ലാം ചേർത്താണ് മൊത്തം നഷ്ടം 200 കോടി ഡോളറിലേക്ക് എത്തിയത്. പൈലറ്റിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത് അമേരിക്കയെ സംബന്ധിച്ച് വലിയ നേട്ടമാണെങ്കിലും, ഈ ദൗത്യത്തിനുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടവും വിമാനങ്ങൾ വെടിവെച്ചിട്ട ഇറാന്റെ കരുത്തും ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. അമേരിക്കൻ നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ ഈ ഓപ്പറേഷന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.