‘ഇനി കളി മാറും, അതെത്ര അപകടകരമെന്ന് താമസിയാതെ മനസിലാകും’: വിജയ്യെ വെല്ലുവിളിച്ച് നടി ജൂലി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിലൂടെ വിജയ് വൻ വിജയം നേടിയതിന് പിന്നാലെ, തനിക്കെതിരെ പരിഹാസവുമായി എത്തിയ ആരാധകർക്ക് മറുപടിയുമായി നടി ജൂലി. തെരഞ്ഞെടുപ്പ് കാലത്ത് വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെയും വ്യക്തിജീവിതത്തെയും രൂക്ഷമായി വിമർശിച്ചിരുന്ന ജൂലിയെ കാണാനില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്ററുകൾക്ക് മറുപടിയായാണ് താരം രംഗത്തെത്തിയത്. താൻ ഒരിടത്തും പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നും വ്യക്തമാക്കിയ ജൂലി, രാഷ്ട്രീയത്തിലെ പരാജയങ്ങളിൽ തളരുന്നവളല്ല താനെന്നും പറഞ്ഞ അവർ വിജയ് യിയെ നേരിട്ട് വെല്ലുവിളിക്കുകയും ചെയ്തു.
“രാഷ്ട്രീയത്തിൽ ആർക്കും ശാശ്വതമായ വിജയമോ പരാജയമോ ഇല്ല. തോറ്റെന്ന് കരുതി ഒളിച്ചോടാൻ ഞങ്ങളില്ല. ജയിച്ചതിനേക്കാൾ കൂടുതൽ പ്രതിപക്ഷത്തിരുന്നാണ് ഞങ്ങൾക്ക് ശീലം,” ജൂലി പറഞ്ഞു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ നേരിട്ട് പരാമർശിച്ച താരം, ഡിഎംകെ പ്രതിപക്ഷത്തിരിക്കുമ്പോൾ അത് എത്രത്തോളം അപകടകരമാണെന്ന് വിജയ് ഇനി മനസ്സിലാക്കുമെന്നും മുന്നറിയിപ്പ് നൽകി. “അടിയുണ്ടാക്കിത്തന്നെയാണ് ഞങ്ങൾ ശീലിച്ചത്. ഇനിയും അതിന് തയ്യാറാണ്. വാങ്കേ.. കളത്തിൽ വെച്ച് കാണാം,” എന്നായിരുന്നു ജൂലിയുടെ വെല്ലുവിളി.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം മുതൽ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും സംഗീതയുമായുള്ള വിവാഹമോചന വാർത്തകളും ചർച്ചയാക്കി ജൂലി നേരത്തെ സൈബർ ആക്രമണം നടത്തിയിരുന്നു. വിജയ് രാഷ്ട്രീയ നേതാവാകാൻ യോഗ്യനല്ലെന്നും അദ്ദേഹം ദയനീയമായി പരാജയപ്പെടുമെന്നും അവർ പ്രവചിച്ചിരുന്നു. വിജയ് യിക്ക് വോട്ട് ചെയ്യുന്നത് സമ്മതിദാന അവകാശം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണെന്നും അവർ ആവർത്തിച്ചിരുന്നു. ഇത്തരത്തിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്ന ജൂലി, ഫലം വന്നതോടെ ആരാധകരുടെ സൈബർ ആക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.