‘1500 വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ മൈക്ക് ഉണ്ടായിരുന്നോ?’;പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിർത്തണമെന്ന് അസം ബി.ജെ.പി എം.എൽ.എ ദിഗന്ത കലിത
കമൽപൂർ: പള്ളികളിൽ നമസ്കാരത്തിനും ബാങ്ക് വിളിക്കുമുള്ള ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ ദിഗന്ത കലിത. അസമിലെ കമൽപൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് അദ്ദേഹം. ഉച്ചഭാഷിണികൾ ഉപയോഗിക്കുകയാണെങ്കിൽ തന്നെ അതിലെ ശബ്ദപരിധി 45 മുതൽ 55 ഡെസിബെൽ വരെയായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിഐ വാർത്താ ഏജൻസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തനിക്ക് നമസ്കാരത്തോട് യാതൊരു എതിർപ്പുമില്ലെന്നും, എന്നാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനോടാണ് വിയോജിപ്പെന്നും എം.എൽ.എ വ്യക്തമാക്കി. പള്ളികൾക്ക് സമീപത്തുള്ള ഹൃദ്രോഗികൾക്കും, അടുത്തുള്ള സ്കൂളുകൾക്കും ആശുപത്രികൾക്കും ഈ ഉയർന്ന ശബ്ദം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതിനാൽ മൈക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് ചുറ്റുമുള്ള സാധാരണ ജനങ്ങൾക്ക് ശല്യമാകാത്ത രീതിയിൽ ക്രമീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“1500 വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ മൈക്രോഫോണുകൾ ഉണ്ടായിരുന്നോ? അക്കാലത്തും അവിടെ ആളുകൾ നമസ്കരിച്ചിരുന്നില്ലേ? അന്ന് ഇത്തരത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന ഒരു സിസ്റ്റം അവിടെ ഉണ്ടായിരുന്നില്ലല്ലോ,” ദിഗന്ത കലിത ചോദിച്ചു. എം.എൽ.എയുടെ ഈ പ്രസ്താവനയുടെ വീഡിയോ വാർത്താ ഏജൻസിയായ പിടിഐ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. നിരവധി പേരാണ് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.